നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ നടത്തിയ റെയ്ഡിൽ കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. എസ്പി ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തും. കോട്ടമൈതാനത്തിൽ നിന്നും മാർച്ച് തുടങ്ങും. അർധരാത്രി 12 മണിയോടെയാണ് പൊലീസ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ താമസിക്കുന്ന ഹോട്ടലിലെ മുറികളിൽ റെയ്ഡ് നടത്തിയത്.പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം അര്‍ധരാത്രിയോടെ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലെത്തിയത്.പൊലീസ് ആദ്യം പറഞ്ഞത് രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയെന്നാണ്. എന്നാൽ എഎസ്പി പറഞ്ഞത് സ്വഭാവികമായ പരിശോധനയാണ് നടത്തിയതെന്നാണ്. പരിശോധനയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ കള്ളപ്പണം എത്തിച്ചെന്നും സംഘർഷ സാധ്യതയുണ്ടാക്കി പൊലീസ് പരിശോധന അട്ടിമറിച്ചെന്നുമാണ് ബിജെപിയും സിപിഐഎമ്മും ഉന്നയിക്കുന്ന ആരോപണം.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പരാതി നൽകും. ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്കുണമാർ അറിയിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ഉൾപ്പെടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.