വിദ്യാർത്ഥിയെ സലൂണിലെത്തിച്ച് തല മൊട്ടയടിപ്പിച്ചു… മെഡിക്കൽ കോളേജ് പ്രൊഫസർക്കെതിരെ നടപടി


മെഡിക്കൽ കോളേജ് പ്രൊഫസർ ജൂനിയർ വിദ്യാർത്ഥിയെ സലൂണിൽ കൊണ്ടുപോയി നിർബന്ധിച്ച് മൊട്ടയടിപ്പിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് നവംബർ 12-ാം തിയതി സംഭവം അരങ്ങേറിയത്. സംഭവമറിഞ്ഞ തെലങ്കാന ആരോ​ഗ്യ മന്ത്രി ദാമോദർ രാജ നരസിംഹ, അന്വേഷണം നടത്താനും നടപടിയെടുക്കാനും ഉത്തരവിട്ടു. സംഭവം വലിയ വിമർശനമേറ്റുവാങ്ങിയതിനെ തുടർന്ന് ബി.എൻ.എസ്, എസ്‌.സി/എസ്.ടി അതിക്രമങ്ങൾ തടയൽ നിയമം, റാഗിംഗ് വിരുദ്ധ നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തതായും റിപ്പോർട്ടുണ്ട്.

എന്നാൽ, ഇത് റാഗിംഗ് അല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ചില സീനിയർമാർ ഒന്നാംവർഷ വിദ്യാർഥിയോട് ‘ചൈനീസ് ​ ഹെയർസ്റ്റൈൽ’ ഒരു മെഡിക്കൽ കോളേജ് വിദ്യാർഥിക്ക് യോജിക്കുന്നതല്ലെന്ന് പറയുകയും അത് ട്രിം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അതേത്തുടർന്ന് മുടി മുറിച്ച വിദ്യാർഥിയെ അതേ ഹോസ്റ്റലിൽ താമസിക്കുന്ന അസിസ്റ്റന്‍റ് പ്രഫസറും റാഗിംഗ് വിരുദ്ധ സമിതിയുടെ ഇൻ-ചാർജുമായ മെഡിക്കൽ ഓഫിസർ ‘ഇത് വിചിത്രമായി തോന്നുന്നു’ എന്ന് പറഞ്ഞ് അവനെ ഒരു സലൂണിലേക്ക് കൊണ്ടുപോയി തല മൊട്ടയടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിഷയം പ്രിൻസിപ്പലി​ന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച മെഡിക്കൽ ഓഫിസറെ ഹോസ്റ്റലി​ന്‍റെ ചുമതലയിൽനിന്ന് മാറ്റാൻ ഉത്തരവിടുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. അസിസ്റ്റന്‍റ് പ്രഫസറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രവൃത്തി നല്ലതല്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ, അധ്യാപകർ പറയുന്നതനുസരിച്ച് അങ്ങനെ ചെയ്യുക അദ്ദേഹത്തി​ന്‍റെ ഉദ്ദേശ്യമായിരുന്നില്ലെന്നും മറിച്ച് വിദ്യാർഥിയെ അച്ചടക്കം പാലിക്കാൻ പ്രേരിപ്പിക്കുക മാത്രമാണെന്നുമാണ്.


أحدث أقدم