പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽമുറിയിൽ പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് കെപി അനിൽകുമാർ. കോൺഗ്രസ് നാടകം ഗംഭീരമാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോഴ പണം വരാറുണ്ടെന്നും കെപി അനിൽകുമാർ പറഞ്ഞു. പൊലീസ് അതിക്രമം എന്ന ആരോപണം നാടകമാണ്. പണം ഇന്നലെ വന്നിട്ടുണ്ട്. ആ സമയം ഷാഫി അവിടെ ഉണ്ട്. പൊലീസ് എത്തുമ്പോൾ എന്തിന് രക്ഷപ്പെട്ടുവെന്നും ശ്രീകണ്ഠൻ തിരിച്ചെത്തിയത് മൂന്ന് മണിക്കൂറിന് ശേഷമാണെന്നും കെപി അനിൽകുമാർ പറഞ്ഞു. ഇന്നലെ അർധ രാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്.
7 കോടി വന്നു എന്നാണ് എൻ്റെ അറിവ്. ഷാഫിയും ശ്രീകണ്ഠനും എന്തിന് അപ്രത്യക്ഷനായെന്നും കെപി അനിൽ കുമാർ പറഞ്ഞു. അതേസമയം, കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയെ കുറിച്ച് പൊലീസ് നൽകിയ വിശദീകരണങ്ങളിൽ അടിമുടി വൈരുധ്യമാണ് കാണുന്നത്. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു.