സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍; അപ്രതീക്ഷിത നീക്കം





തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഷാൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വീകരിച്ചു.

കഴിഞ്ഞ കുറെ നാളുകളായി ബിജെപി നേതൃത്വവുമായി  അകല്‍ച്ചയിലായിരുന്നു സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുന്നു എന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ അത് കണക്കിലെടുക്കാന്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു. താന്‍ മാനസികമായി വല്ലാതെ വിഷമിച്ച ഘട്ടത്തില്‍ പോലും പാര്‍ട്ടിയിലെ ഒരു നേതാവ് പോലും വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. അമ്മ മരിച്ചപ്പോള്‍ സി കൃഷ്ണകുമാര്‍ നാട്ടിലുണ്ടായിരുന്നെങ്കിലും ഫോണില്‍ പോലും വിളിച്ചിരുന്നില്ലെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ വൈകാതെ തന്നെ ബിജെപി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

സന്ദീപ് വാര്യര്‍ ബിജെപി വിട്ട് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു തുടക്കത്തില്‍ പ്രചരിച്ചിരുന്നത്. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
أحدث أقدم