കുട്ടമ്പുഴയിൽ പശുവിനെ അന്വേഷിച്ച് കാട്ടിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി; 'വഴിതെറ്റി ആനക്കൂട്ടത്തിന്റെ ഇടയിൽപ്പെട്ടു', അന്വേഷണം തുടരുന്നു...




കൊച്ചി: കോതമംഗലത്ത് പശുവിനെ തിരഞ്ഞ് കാട്ടിനുള്ളിൽ പോയ മൂന്നുസ്ത്രീകളെ കാണാതായി. മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താൻ തെർമൽ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. ഇന്ന് രാവിലെ വരെയും ഇവരെ കണ്ടെത്താനായിട്ടില്ല.

മായയുടെ പശു കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലേക്ക് കയറിപ്പോവുകയായിരുന്നു. ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. പശുവിനെ തിരക്കി മൂവരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാടിനുള്ളിലേക്ക് പോവുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു.
വഴിതെറ്റി ആനക്കൂട്ടത്തിന്റെ ഇടയിൽപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് അവരെ ബന്ധപ്പെടാനായിട്ടില്ല. പൊലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. നിലവിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി. രണ്ട് സംഘം കാട്ടിൽ തുടരുകയാണ്. അതിനിടെ കൂടുതൽ പൊലീസിനേയും വനം വകുപ്പ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിക്കൊണ്ട് തിരച്ചിൽ വ്യാപിപ്പിക്കുമെന്ന് വനം മന്ത്രി പറഞ്ഞു.
أحدث أقدم