പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിന് എതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല.അതുകൊണ്ടുതന്നെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.സംഭവത്തിൽ ദുരുഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.ട്രോളി ബാഗുമായി മുറിയിലെത്തിയ ഫെനി ചിലവഴിച്ചത് 48 സെക്കന്റ് മാത്രമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പിൻവാതിലിലൂടെ പുറത്ത് പോയെന്ന് പറയുന്നതും തെറ്റാണ് എന്നും പൊലീസ് പറഞ്ഞു. അതേസമയം കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസെടുത്തേക്കും.
അതേസമയം നീല ട്രോളി ബാഗിൽ തന്റെ വസ്ത്രങ്ങൾ ആയിരുന്നു എന്നാണ് രാഹുൽ വ്യക്തമാക്കിയിരുന്നത്.താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലിവിളിച്ചുകൊണ്ടാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തത്. തന്റ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വെല്ലുവിളിച്ചിരുന്നു.