മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ കൂടി ചികിത്സ തേടി. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചികിത്സ നേടിയത്.ഇതേസമയം കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കളക്ടർ നിര്‍ദേശം നൽകി.കിറ്റിലെ വസ്തുക്കളുടെ പഴക്കം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കളക്ടർ നിർദ്ദേശം നൽകി.
യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ നിന്നും വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പട്ട് വിവാദങ്ങളും സമരങ്ങളും കൂടുതല്‍ ശക്തമാവുകയാണ്. അതിനിടെയാണ് പ്രധാനപ്പെട്ട ഒരു നടപടി കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി വിതരണം നടത്താന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. ശേഷിക്കുന്ന കിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. സ്‌റ്റോക്കിലുള്ള സാധനങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനും നിര്‍ദേശം ലഭിച്ചിരുന്നു.