മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെതിരെ പ്രാഥമികാന്വേഷണം; നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ക്ക് ചുമതല



തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമികാന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറെയാണ് മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണം.

പ്രാഥമിക അന്വേഷണത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം കണ്ടെത്തിയാല്‍ കേസെടുത്ത് മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം. വിവാദത്തില്‍ ഗോപാലകൃഷ്ണനെതിരെ അന്വേഷണം നടത്താമോയെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. മതപരമായ വിഭാഗീയത ഉണ്ടാക്കാന്‍ ഗ്രൂപ്പ് തുടങ്ങിയതില്‍ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്.

അതേസമയം കേസെടുക്കുന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍ രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാല്‍ പൊലീസ് വീണ്ടും നിയമോപദേശം തേടിയേക്കും. വിവാദത്തെത്തുടര്‍ന്ന് ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തതാണെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.
أحدث أقدم