ഭാര്യക്ക് ഒപ്പം ജീവിക്കാൻ അമ്മ തടസ്സം; ആലപ്പുഴയിൽ അമ്മയെ ചവിട്ടിക്കൊന്ന മകന്​ ജീവപര്യന്തം കഠിനതടവ്



ആലപ്പുഴ: അമ്മയെ ചവിട്ടിക്കൊന്ന കേസിൽ മകന്​ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ നിവർത്തിൽ വീട്ടിൽ സുകുമാരന്‍റെ ഭാര്യ കല്യാണിയെ (75) ​കൊലപ്പെടുത്തിയ കേസിൽ മകൻ സന്തോഷിനെയാണ്​ (48) ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എസ്​. ഭാരതി ശിക്ഷിച്ചത്​.

2019 മാർച്ച് 31നായിരുന്നു കേസിനാസ്​പദമായ സംഭവം. പ്രതിയായ മകന്​ ഭാര്യയുമൊത്ത് സ്വൈരമായി ജീവിക്കാൻ ശാരീരിക അവശതകളും ഓർമക്കുറവുമുണ്ടായിരുന്ന മാതാവ്​ കല്യാണി തടസ്സമാണെന്നുകണ്ട്​ വീട്ടിൽവെച്ച്​ ചവിട്ടിയും തൊഴിച്ചും കഴുത്തിന്​ കുത്തിപ്പിടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത്​ അമ്മയും മകനും മാത്രമാണ്​ വീട്ടിലുണ്ടായിരുന്നത്​. പ്രതി തന്നെ അമ്മയെ ആശുപത്രിയിലെത്തി​ക്കുകയും പിന്നീട് സ്വാഭാവിക മരണമാണെന്ന് പൊലീസിൽ മൊഴിയും നൽകി. എന്നാൽ, പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി ഗർഭപാത്രത്തിനടക്കം മുറിവുകളിൽക്കൂടി അമിത രക്തസ്രാവം ഉണ്ടായതാണ്​ മരണകാരണമെന്ന്​ വ്യക്തമാക്കിയിരുന്നു. തുടർന്ന്​ പട്ടണക്കാട് എസ്​.ഐ അമൃത് രംഗൻ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്​.

أحدث أقدم