ന്യൂഡൽഹി: മണിപ്പൂർ യുദ്ധക്കളമായി മാറിയതോടെ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ സ്ഥിതിഗതികൾ ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. അമിത് ഷാ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ് മണിപ്പൂരിലെത്തും.
സംഘർഷം രൂക്ഷമായതോടെ സമാധാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മോദി സംസ്ഥാനം സന്ദർശിക്കുകയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂരിൽ അടുത്തിടെ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളും തുടരുന്ന രക്തച്ചൊരിച്ചിലുകളും അഗാധമായ അസ്വസ്ഥത സൃഷ്ടിക്കുന്നു. ഒരു വർഷത്തിലേറെയായുള്ള വിഭജനത്തിനും കഷ്ടപ്പാടുകൾക്കും ശേഷം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുരഞ്ജന ശ്രമങ്ങൾ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നത്.
മണിപ്പൂരിൽ സന്ദർശിക്കാനും മേഖലയിൽ സമാധാനവും സൗഖ്യവും പുനഃസ്ഥാപിക്കാനായി പ്രവർത്തിക്കാനും ഞാൻ പ്രധാനമന്ത്രിയോട് ഒരിക്കൽ കൂടി പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു’ -രാഹുൽ ഗാന്ധി ‘എക്സി’ൽ കുറിച്ചു.
മണിപ്പൂരിലെ സ്ഥിതിഗതികൾ ശനിയാഴ്ച മുതൽ കൂടുതൽ വഷളായിരിക്കുകയാണ്. ജിരിബാമിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിഷേധക്കാർ രാഷ്ട്രീയ നേതാക്കളുടെ വസതികൾ ആക്രമിച്ചതോടെ വെസ്റ്റ് ഇംഫാലിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി.
ശനിയാഴ്ച പകൽ നിരവധി ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും ഇവർ ആക്രമിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങിെൻറ മരുമകൻ രാജ്കുമാർ ഇമോ സിങ്, സംസ്ഥാന മന്ത്രി എൽ. സുസിദ്രോ, എംഎൽഎമാരായ രഘുമണി സിങ്, സപം കുഞ്ചകേശ്വർ, ജോയ് കിസാൻ സിങ്, സപം നിഷികാന്ത എന്നിവരുടെ വസതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ബിരേൻ സിങ്ങിെൻറ ഇംഫാൽ ഹെയ്ങ്ങാങ്ങിലുള്ള സ്വകാര്യ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർക്കുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയിൽ നിരവധി ടയറുകളാണ് പ്രതിഷേധക്കാർ കത്തിച്ചിട്ടത്. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്കും ഏഴ് കുക്കി വിഭാഗക്കാരുടെ വീടുകൾക്കും തീയിട്ടു. ഏഴ് ജില്ലകളിൽ ഇൻറർനെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്.
പ്രതിഷേധം അക്രമാസക്തമായതോടെ 19 ബിജെപി എംഎൽഎമാരും മന്ത്രിമാരും രാജിവെക്കുമെന്ന വിവരം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എംഎൽഎമാരായ ടി. റോബിന്ദ്രോ, രാധേശ്യാം, പാനം ബ്രോജൻ എന്നിവർ തിങ്കളാഴ്ച രാജിവെക്കുമെന്നാണ് വിവരം.