ചേലക്കര പിടിക്കുമെന്ന വ്യാമോഹം ചിലർ പരസ്യമായി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിലെ തിരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്നവർ ന്യൂനപക്ഷങ്ങളെ അക്രമിക്കാൻ നേതൃത്വം നൽകുകയാണ്. രാജ്യത്ത് ക്രൈസ്തവ വിഭാഗം സംഘപരിവാർ അക്രമണം നേരിടുന്നു. ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ അക്രമികള്‍ക്ക് സംരക്ഷണം നൽകുകയാണ് ചെയ്യുന്നത്, ചുരുക്കം ചിലരാണ് അതിൽ ശിക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
”ബിജെപി ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങളെ പരിഗണിക്കില്ലെന്നാണ് അമിത് ഷാ പറയുന്നത്. കേന്ദ്രത്തിന്റെ നിലപാടുകൾ അപകടകരമാണ്. അവർ വെറുപ്പിന്റെ അന്തരീക്ഷം നിലനിർത്തുന്നു. രാഷ്ട്രീയ ലാഭമാണ് ബിജെപിയുടെ ലക്ഷ്യം. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് കേരളം മാത്രമാണ്. എട്ടര വർഷമായി കേരളത്തിൽ വർഗീയ സംഘർഷങ്ങളില്ല, മുഖ്യമന്ത്രി വ്യക്തമാക്കി.