ആര്‍എസ്എസ് നേതാവ് പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞ് നിന്നപ്പോള്‍ ഇല്ലാത്ത ആചാരലംഘനം പോലീസുകാര്‍ ഫോട്ടോ എടുത്തപ്പോള്‍; അമ്പരന്ന് ഉദ്യോഗസ്ഥർ


ശബരിലയിലെ ഡ്യൂട്ടി പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുന്നോടിയായി പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തതിന്റെ പേരില്‍ പോലീസുകാര്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുന്നതിന്റെ വക്കിലാണ്. രാത്രിയും പകലുമില്ലാതെ ശബരമലയില്‍ സേവനം ചെയ്യുന്ന പോലീസുകാരെ അപമാനിക്കുന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ശബരിമലയില്‍ ജോലി ചെയ്യുന്നവരില്‍ ഏറ്റവും വലിയ സേവനം ചെയ്യുന്നത് പോലീസുകാരാണ്. സുരക്ഷ ഉറപ്പാക്കുന്നതില്‍ തുടങ്ങി ഭക്തരെ പതിനെട്ടാം പടി കയറ്റിവിടുന്നതില്‍ വരെ പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് വലിയ സേവനമാണ്.
ഒരു മിനിറ്റില്‍ 80 പേരെ വരെ പതിനെട്ടാം പടി കയറ്റുന്നത് പോലീസിന്റെ മിടുക്കാണ്. ഇത് പാളിയപ്പോഴുളള ദുരവസ്ഥ കഴിഞ്ഞ മണ്ഡല കാലത്ത് കണ്ടതുമാണ്. ഇത്തരത്തില്‍ പതിനെട്ടാം പടിയില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയുടെ അവസാന ദിനം നട അടച്ച സമയത്ത് ഫോട്ടോ എടുത്തത്. ഇതിന്റെ പേരിലാണ് വ്യാപകമായ വിമര്‍ശനം ഉയർത്തുന്നത്.
വിശ്വഹിന്ദു പരിഷത്ത്, കേരള ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ ഹൈന്ദവ സംഘടനകളാണ് ഇതില്‍ പരാതി ഉന്നയിക്കുന്നത്. മേല്‍ശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാരെല്ലാം നടയടച്ച് ഇറങ്ങുന്നത് പുറകോട്ടാണ്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞാണ് നിന്നത്. ഇത് ആചാര ലംഘനമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അയ്യപ്പ വിശ്വാസികളായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പ്രക്ഷോഭങ്ങള്‍ നടക്കുമ്പോൾ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി പതിനെട്ടാം പടിയില്‍ കയറിയിറങ്ങിയത് ഇരുമുടിക്കെട്ട് ഇല്ലാതെയാണ്. മൈക്കിലൂടെ സംസാരിച്ചത് പ്രതിഷ്ഠക്ക് പുറം തിരിഞ്ഞ് നിന്നാണ്. ദൃശ്യങ്ങളിലൂടെ അത് ലോകം മുഴുവൻ കണ്ടതുമാണ്. അന്വേഷിക്കുമെന്ന് അന്ന് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. അതിലൊന്നും ഉണ്ടാകാത്ത ആചാരലംഘനമാണ് ഇപ്പോൾ പരാതിക്കാർ ഉന്നയിക്കുന്നത് എന്ന് പോലീസുകാർ ചൂണ്ടിക്കാട്ടുന്നു.

 ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് വിഷയത്തിൽ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതില്‍ എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
أحدث أقدم