സ്കൂള്‍ ബസ് മരത്തിലിടിച്ചു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു...





തിരുവനന്തപുരം: സ്കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ആര്യനാട് കൈരളി വിദ്യാഭവൻ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. 12 വിദ്യാര്‍ത്ഥികള്‍ക്ക് ആണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്കൂള്‍ സമയം കഴിഞ്ഞ് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയിൽ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച് വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. 

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ആര്യനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എസ്എടിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ ആര്യനാട് പിഎച്ച്സിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.


أحدث أقدم