കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരി കാൽവഴുതി വീണത് 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു



രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ മൂന്നുവയസ്സുകാരിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രാജസ്ഥാനിലെ ബെഹ്‌റോർ ജില്ലയിലെ സറുന്ദിലാണ് സംഭവം. തിങ്കളാഴ്ചയാണ് മൂന്നുവയസുകാരി ചേതന 150 താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. അപകടം റിപ്പോർട്ട് ചെയ്തതുമുതൽ ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ടീമുകളും മെഡിക്കൽ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. അച്ഛനൊപ്പം കൃഷിയിടത്തിലെത്തിയ പെൺകുട്ടി ഇവിടെ കളിക്കുന്നതിനിടെ അബദ്ധത്തിൽ തുറന്നിരിക്കുകയായിരുന്ന കുഴൽക്കിണറിലേക്ക് കാലുതെറ്റി വീഴുകയായിരുന്നു.

അപകടവിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സ്ഥലത്തെത്തി. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പലപ്പോഴും വലിയ വെല്ലുവിളികൾ അഭിമുഖീകരികുന്നുണ്ട്. എന്നാൽ കുട്ടിയെ എത്രയും വേഗം പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും, രക്ഷാപ്രവർത്തകരുമായി
സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യവർധൻ സിങ് റാത്തോഡും മാധ്യമങ്ങളോട് പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപാണ് രാജസ്ഥാനിൽ അഞ്ചുവയസുകാരൻ കുഴൽക്കിണറിൽ വീണത്. രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയിൽ വീണ കുട്ടിയെ 55 മണിക്കൂറിലധികം നീണ്ട ഓപ്പറേഷനുശേഷം രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു.
أحدث أقدم