ദക്ഷിണ കൊറിയ വിമാനപകടം; 179 പേർ മരിച്ചതായി റിപ്പോർട്ട്



സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി ചുറ്റുമതിലിലിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 179 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിന് ശേഷം നേരത്തെ രണ്ട് പേരേ രക്ഷപ്പെടുത്തിയിരുന്നു. ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണകൊറിയയിലെ മുനാൻ വിമാനത്താവളത്തിൽ വച്ച് അപകടത്തിൽപ്പെട്ടത്. 181 പേരിൽ 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തിന്‍റെ വീഡിയോ ദൃശ‍്യങ്ങളും, അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ ചിത്രങ്ങളും പ്രാദേശിക മാധ‍്യമങ്ങൾ പങ്കുവച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 9 മണിയോടെയായിരുന്നു അപകടം. വിമാനത്തിൽ സഞ്ചരിച്ച 175 യാത്രക്കാരിൽ 173 പേരും ദക്ഷിണ കൊറിയൻ പൗരൻമാരാണ്. രണ്ട് പേർ തായ്‌ലൻഡ് സ്വദേശികളും. വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ പ്രവർത്തിക്കാതിരുന്നതാണ് അപകടകാരണമെന്നാണ് അന്താരാഷ്ട്ര മാധ‍്യമങ്ങളുടെ റിപ്പോർട്ട്. ലാൻഡ് ചെയ്യാനുള്ള ആദ‍്യ ശ്രമം പരാജയപ്പെട്ടതിന് ശേഷം ബെല്ലി ലാൻഡിങ്ങിനുള്ള ശ്രമത്തിലാണ് വിമാനം അപകടത്തിൽപ്പെടുന്നത്. ലാൻഡിങ്ങിനിടെ പക്ഷി വന്ന് ഇടിച്ചതാകാമെന്നും നിഗമനങ്ങളുണ്ട്. അപകടകാരണം സംബന്ധിച്ച ഓദ‍്യോഗിക പ്രഖ‍്യാപനം പുറത്തുവന്നിട്ടില്ല.
أحدث أقدم