ആഗോള ഭീതിപരത്തി മാർബർഗ് അഥവാ ബ്ലീഡിങ് ഐ വൈറസ് (Bleeding eye virus). നിലവിൽ 17 രാജ്യങ്ങളിലാണ് ബ്ലീഡിംഗ് ഐ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനെതുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ യാത്രക്കാർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 17 രാജ്യങ്ങളിലും എംപോക്‌സ്, ഒറോപൗഷെ വൈറസ് ഫീവർ എന്നിവയ്ക്കൊപ്പമാണ് ബ്ലീഡിങ് ഐ പടർന്നുപിടിക്കുന്നത്. രോഗം മാരകമാണെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മനുഷ്യരിൽ മാരകമായ രോഗാവസ്ഥയിലേക്ക് ഈ വൈറസ് ബാധ കാരണമാകുമെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞിരുന്നു. ശരാശരി വൈറസ് ബാധ മൂലമുള്ള മരണനിരക്ക് ഏകദേശം 50 ശതമാനം ആണ്. മുമ്പും ആഫ്രിക്കയിൽ ഈ രോഗം മാരകമായി പടർന്നുപിടിച്ചിരുന്നു. റുവാണ്ടയിൽ ഇതിനകം 15-ലധികം പേർ ഈ രോഗം ബാധിച്ച് മരിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായും കരുതപ്പെടുന്നു.
‘ബ്ലീഡിങ് ഐ’ വൈറസ് എന്നാൽ എന്താണ്?
വൈറൽ ഹെമറാജിക് പനി ഉണ്ടാക്കുകയും ചിലപ്പോൾ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും അതിലൂടെ രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് മാർബർഗ് വൈറസ് അഥവാ ബ്ലീഡിങ് ഐ. എബോള കുടുംബത്തിൽ പെടുന്നതാണ് ഈ വൈറസ്. രോഗബാധിതനായ വ്യക്തിയുടെ രക്തം, ഉമിനീർ, മൂത്രം എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് പടരുന്നു. ക്രിമിയൻ കോങ്ഗോ ഹെമറാജിക് ഫീവർ എന്നാണ് ബ്ലീഡിംഗ് ഐ ഫീവറിൻറെ ശാസ്ത്ര നാമം.
രോഗലക്ഷണം
കടുത്ത പനിക്കൊപ്പം കണ്ണിൽ നിന്നും മറ്റ് സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വാർന്നുപോകുന്നതാണ് ഇതിൻ്റെ രോഗലക്ഷണം. അതുകൊണ്ടുതന്നെയാണ് ബ്ലീഡിംഗ് ഐ ഫീവർ എന്ന പേരും ഈ രോഗത്തിനുള്ളത്. കൊതുകുകൾ അല്ല ചെള്ളിൽ നിന്നാണ് രോഗം പടരുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സാധാരണ പനിക്കൊപ്പം ശരീര വേദന, തലവേദന, ഛർദി, വയറിളക്കം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ മലേറിയക്കും എബോളയ്ക്കും സമാനമായ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തിൽ പ്രകടമാകുക.
ചികിത്സ
മാർബർഗ് വൈറസിന് പ്രത്യേക ആന്റിവൈറൽ ചികിത്സയോ വാക്‌സിനോ നിലവിൽ കണ്ടുപിടിച്ചിട്ടില്ല. റീഹൈഡ്രേഷൻ, രോഗലക്ഷണങ്ങൾ നിയന്ത്രിക്കൽ തുടങ്ങിയ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമെ രോഗത്തെ നിയന്ത്രിക്കാൻ കഴിയു. പരീക്ഷണാത്മക വാക്‌സിനുകൾ ഇപ്പോഴും ക്ലിനിക്കൽ പഠനങ്ങളുടെ പ്രാരംഭ ഘട്ടത്തിലാണ്. ഈ രോഗത്തിനെതിരെ ഫലപ്രദമായ ചികിത്സകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ നടക്കുന്നുണ്ട്.