കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്തയാൾ അന്തർസംസ്ഥാന കുറ്റവാളി. പിടിയിൽ


 കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ സി.ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ  തൃശ്ശൂർ വരന്തരപ്പള്ളി ഭാഗത്ത് ചന്ദ്രശേരി വീട്ടിൽ സലീഷ് കുമാർ  (47) എന്നയാൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ  വിവിധ തട്ടിപ്പു കേസുകളിൽ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് സി.ബി.ഐ.യിൽ നിന്നുമാണെന്ന് പറഞ്ഞു വിളിക്കുകയും,  മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ (Money laundering) നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടമ്മ പലതവണകളായി ഒരു കോടി  എൺപത്തിയാറ് ലക്ഷത്തി അറുപത്തി രണ്ടായിരം  (1,86,62,000) രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇയാളെ ഗോവയിൽ നിന്നും പിടികൂടുകയുമായിരുന്നു

.തുടർന്ന് ഈ കേസിന്റെ തുടരന്വേഷണം  ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം ഇയാൾ രാജസ്ഥാൻ, ഹരിയാന, കോയമ്പത്തൂർ, ഗുജറാത്ത് എന്നിവിടങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക്  ട്രാൻസ്ഫർ ചെയ്ത് നൽകിയതായി ശാസ്ത്രീയമായ പരിശോധനയിൽ കണ്ടെത്തുകയും  തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയത്. തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളി, കൊരട്ടി എന്നീ സ്റ്റേഷനിലും കൂടാതെ ഗോവ, കർണാടക, തെലുങ്കാന, തമിഴ്നാട്, രാജസ്ഥാൻ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിവിധ ആളുകളിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ  അന്വേഷണം നടത്തി വരുന്നതായി കണ്ടെത്തുകയും തുടർന്ന് അതാത് സംസ്ഥാനത്തെ സ്റ്റേഷനുകളെ അന്വേഷണസംഘം വിവരമറിയിക്കുകയുമായിരുന്നു. ഇതിൻ പ്രകാരം തെലുങ്കാന പോലീസ് കാഞ്ഞിരപ്പള്ളി കോടതിയിൽ ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
أحدث أقدم