അതിർത്തി കടന്നാൽ തമിഴ്നാട് റേഷനരിയ്ക്ക് 40 രൂപ….. അതിര്‍ത്തിവഴി അരി കടത്ത് വ്യാപകം…..


പാറശ്ശാല: തമിഴ്നാട് റേഷനരി അതിർത്തി കടന്ന് കേരളത്തിലെത്തിയാൽ വിപണി വിലയിലാണ് കച്ചവടം. അതിർത്തി പ്രദേശത്ത് കൊള്ളലാഭം തേടി കടത്ത് സംഘങ്ങളുടെ പ്രവർത്തനവും വ്യാപകമാകുന്നു .ഓണം ക്രിസ്മസ് വിപണിയിൽ വ്യാപകമായി തമിഴ്നാട് റേഷനരി പോളീഷ് ചെയ്ത് നിറം മാറ്റി വില്പനയ്ക്കെത്തുന്നു.തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ നിന്നാണ് കിലോയ്ക്ക് ഒരു രൂപയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി വാങ്ങിക്കൂട്ടി അരിയായും പൊടിയായും വലിയ വിലയ്ക്ക് കേരളത്തില്‍ വില്‍ക്കുന്നത്. വിപണിയിലെ അരിവില വർദ്ധനയോടെ കടത്തും കൂടി .അതിർത്തിയിലൂടെ കരിഞ്ചന്ത സംഘങ്ങള്‍ നിര്‍ബാധം അരിയും പൊടിയും കടത്തുന്നുണ്ടെങ്കിലും അപൂർവ്വമായാണ് പിടിയ്ക്കപ്പെടുന്നത്.

ദേശീയ പാതയ്ക്ക് സമീപത്തെ ചെറു റോഡുകളിലൂടെയും, തെക്കൻ മലയോര പ്രദേശത്തും തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തിയിലൂടെ റേഷന്‍ അരി കടത്തുന്നത് തടയാൻ പരിശോധനകൾ കശനമായെങ്കിൽ മാത്രമേ കഴിയുകയുള്ളൂ. തമിഴ്‌നാട്ടിൽ ഒരു റേഷൻ കാര്‍ഡുടമയ്ക്ക് നാൽപ്പതു കിലോ വരെ അരിയാണ് ഒരു രൂപ നിരക്കില്‍ മാസം തോറും നൽകുന്നത്. പദ്ധതി കൊണ്ട് ലക്ഷങ്ങള്‍ കൊയ്യുന്നത് തമിഴ്നാട്ടിലെയും കേരളത്തിലെയും കരിച്ചന്തക്കാരാണ്. അതിർത്തി പ്രദേശത്തെ അനധികൃത അരി ഗോഡൗണുകൾ കേന്ദ്രീകരിച്ചാണ് തമിഴ്നാട് റേഷനരി അരിയായും പൊടിയായും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നത്. അരി കടത്ത് സംഘത്തിന് കേരളത്തിലും സുരക്ഷിതമായ താവളങ്ങളുണ്ട്.

പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ കൊണ്ടുവരുന്നതിന്റെ മറവിലും പതിവായി റേഷനരി കടത്തുന്നുണ്ടെന്നാണ് വിവരം. പരാതി ഉയരുമ്പോൾ ഇടയ്ക്കു സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന നടത്തുന്നതല്ലാതെ അനധികൃത കടത്ത് തടയാൻ ശാശ്വത നടപടികളില്ല. അതിർത്തിയിൽ പനച്ചമൂട്, കളിയിക്കാവിള ,ഊരമ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു തമിഴ്നാട് അരി സ്റ്റോക്ക് ചെയ്യാനും പോളിഷ് ചെയ്യാനും ഗോഡൗണുകളും പ്രവർത്തിക്കുന്നുണ്ട്.

അതിർ‍ത്തിവഴി എത്തിക്കുന്ന അരി ഇവിടെയെത്തിച്ചു പോളിഷ് ചെയ്തു ബ്രാൻഡുകളിലാക്കി സംസ്ഥാനത്തെ വിവിധയിടങ്ങളിലെ വിപണിയിലെത്തി ക്കുന്നതാണു മറ്റൊരു രീതി. തമിഴ്നാട്ടിൽ നിന്നു വാങ്ങുന്ന അരി പോളിഷ് ചെയ്തു കേരള ബ്രാൻഡിലേക്കു മാറുമ്പോൾ 40 – 45 രൂപ വരെ വിലയ്ക്കാണ് വിറ്റുപോവു ന്നത്. ഇതിലൂടെ വൻ ലാഭം ഇടനിലക്കാ രിലേക്കും അനധികൃത കടത്തുകാരിലേ ക്കും എത്തുന്നുണ്ട്

അതിർത്തി പ്രദേശത്തെ വെള്ളറട ആറാട്ടുകുഴിയിൽ നിന്നും വെള്ളറടയ്ക്ക് സമീപം സ്വകാര്യ ഗോഡൗണില്‍ നിന്നും കളിയിക്കാവിളയിൽ നന്നും റേഷന്‍ അരി പിടികൂടിരുന്നു. അതിർത്തി മേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നുണ്ട് .സമാനരീതിയിൽ പനച്ചമൂട്, കന്നുമാമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും തമിഴ്‌നാട്ടിൽനിന്ന് റേഷനരി കടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.അരിക്കടത്ത് സംഘങ്ങൾ തമ്മിൽ സംഘട്ടനത്തിലേർപ്പെടുന്നതും പതിവാണ്. ഇടനിലക്കാർ വഴി ശേഖരിക്കുന്ന അരി ഇവിടത്തെ ഇടനിലക്കാർ വാങ്ങും.
രണ്ടു രീതിയിലാണ് അരി പൊതു വിപണിയിൽ എത്തുന്നത്. റേഷനരി തമിഴ്നാട്ടിലെ താവളങ്ങളിലെത്തിച്ചു പോളിഷ് ചെയ്ത് അതിർത്തികടത്തി വിടുന്നതാണ് ആദ്യരീതി.റേഷനരി അതിർത്തി കടത്തി കേരളത്തിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പോളിഷ് ചെയ്ത് വേറെ ചാക്കുകളിലാക്കുന്നതാണ് രണ്ടാമത്തെ രീതി. നാഗർകോവിലിലെ മില്ലുകൾ കേന്ദ്രീകരിച്ച് റേഷൻഅരി പൊടിച്ച് കവറിലാക്കി അരിപ്പൊടിയായും എത്തിക്കുന്നു. തമിഴ്നാട് കടന്നുവരുന്ന റേഷനരി പിടികൂടാൻ മുൻപ് തമിഴ്നാട്, കേരള പൊലീസ് സംഘം സംയുക്തമായി അതിർത്തികളിൽ പരിശോധന നടത്തിയിരുന്നു. ടൺ കണക്കിനരിയാണ് ചെക്കു പോസ്റ്റുകൾക്കു സമീപം പിടിച്ചിരുന്നത്.സംയുക്ത പരിശോധന നിലച്ചതോടെയാണ് അരികടത്ത് സംഘങ്ങൾ വീണ്ടും തട്ടിപ്പിനിറങ്ങിയത്.
റേഷനരി ക്ക് കിലോഗ്രാമിന് 15 മുതൽ 17 രൂപവരെ നൽകിയാണ് ഗുണഭോക്താക്കളിൽ നിന്നു തമിഴ്നാട്ടിലെ ഇടനിലക്കാർ വാങ്ങുന്നത്. ശരശശരി 25 രൂപയ്ക്ക് കേരളത്തിലെ മില്ലുടമയ്ക്ക് അരി കിട്ടും. പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുമ്പോൾ 40 രൂപയിലധികമാണ് വാങ്ങുന്നത്

أحدث أقدم