43 വര്‍ഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തില്‍





ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. 

കുവൈത്ത് അമീര്‍ ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തിലും കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ക്കും കരാറുകള്‍ക്കും ഇടയാക്കുമെന്നാണ് പ്രതീക്ഷ. കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാളെ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ തിരികെ പോരുന്നത്.

1981ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈത്ത് സന്ദര്‍ശിച്ചത്. നിലവില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍, എല്‍പിജി എന്നിവയുടെ പ്രധാന വിതരണക്കാരാണ് കുവൈത്ത്. സുരക്ഷ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ പരിശോധിക്കുവാന്‍ ഇന്ത്യയില്‍ നിന്നും കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ കുവൈത്തിലെത്തിയിരുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യന്‍ തൊഴിലാളി ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിക്കും. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യാക്കാര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
أحدث أقدم