തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴയ്ക്കാണ് പ്രവചനം. ഇത് പ്രകാരം വ്യാഴാഴ്ച 3 ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശ്രീലങ്ക - തമിഴ് നാട് തീരത്തിന് സമീപത്തേക്കു നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.