തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇത് കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമെന്ന് ജര്‍മനിയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ആരോപിച്ചു. ജർമനിയിലെ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 50 വയസ് പ്രായമുള്ള ഒരു സൗദി അറേബ്യന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഒരു ഡോക്ടറാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ജര്‍മനിയിലെ സ്ഥിരതാമസക്കാരനാണ്.
സംഭവത്തില്‍ സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രാലയം ദുഃഖം രേഖപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു കറുത്ത കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ പാഞ്ഞുകയറുന്നതും ആളുകള്‍ നിമിഷ നേരം കൊണ്ട് ചിതറിയോടുന്നതും ദൃശ്യങ്ങളില്‍ കാണാം. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും പ്രദേശത്ത് അതിശക്തമായ സുരക്ഷ ഏര്‍പ്പാടാക്കിയെന്നും ജര്‍മന്‍ പൊലീസ് അറിയിച്ചു.