നഴ്സുമാരെ കാത്ത് ഇറ്റലി: 65,000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നീക്കം

ന്യൂഡൽഹി: നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ താത്പര്യമറിയിച്ച് ഇറ്റലി. ഡൽഹിയിലെ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ ഇറ്റാലിയൻ അംബാസഡർ എച്ച്.ഇ ആന്‍റോണിയോ ബാർട്ടോളിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഇറ്റലിയിൽ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്ക്കൊപ്പം ഇറ്റാലിയൻ ഭാഷ കൂടി നഴ്സുമാർ പഠിക്കണമെന്നും അംബാസഡർ പറഞ്ഞു.

ഇറ്റാലിയൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചരിത്രപ്രാധാന്യവും വൈവിധ്യമാർന്ന ആചാരങ്ങളും കെ.വി. തോമസ് വിശദീകരിച്ചു. കേരളത്തിന്‍റെ പ്രത്യേകതകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ആന്‍റോണിയോ ബാർട്ടോളി പ്രശംസിച്ചു. ഇറ്റലിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും.

ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഇറ്റാലിയൻ അംബാസഡറും ഇറ്റാലിയൻ സ്ഥാപനങ്ങളും പങ്കെടുക്കും. കേരളം സന്ദർശിക്കുമ്പോൾ കോവള ഉൾപ്പെടെ ബീച്ചുകളും ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും ഇന്ത്യയിലെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്പളങ്ങിയും സന്ദർശിക്കുമെന്നും അംബാസഡർ അറിയിച്ചു.

أحدث أقدم