കേരളത്തില്‍ പോയ വര്‍ഷം ഒരാള്‍ മാസത്തില്‍ ചെലവാക്കിയത് 7,783 രൂപ; കേന്ദ്രത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ...





ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ്(എംപിസിഇ) ഗ്രാമ മേഖലകളില്‍ 6,611 രൂപയും നഗരങ്ങളില്‍ 7,783 രൂപയുമാണെന്ന് കേന്ദ്രത്തിന്റെ കണക്ക്. 2022-23 ല്‍ ഇത് യഥാക്രമം 5924 രൂപയും 7655 രൂപയുമായിരുന്നു.

ഒരു വര്‍ഷത്തിനിടെ ഗ്രാമമേഖലയില്‍ 687 രൂപയും നഗരമേഖലകളില്‍ 128 രൂപയും വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ(എന്‍എസ്ഒ) ഗാര്‍ഹീക ഉപഭോഗ സര്‍വേ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. ഒരു വ്യക്തി പ്രതിമാസം തന്റെ അടിസ്ഥാന ചെലവുകള്‍ക്ക്(ഭക്ഷണം, ആരോഗ്യം, വൈദ്യുതി, ഗതാഗതം, വിദ്യാഭ്യാസം) ചെലവഴിക്കുന്ന തുകയാണ് പ്രതിമാസ ആളോഹരി ചെലവായി പറയുന്നത്.

ഉയര്‍ന്ന എംപിസിഇ മെച്ചെപ്പെട്ട ജീവിത നിലവാരത്തെയും ഉയര്‍ന്ന വാങ്ങല്‍ ശേഷിയെയുമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളോഹരി ചെലവ് സിക്കിമിലാണ്. ഗ്രാമങ്ങളില്‍ 9,377 രൂപയും നഗരങ്ങളില്‍ 13, 927 രൂപയും. ഏറ്റവും കുറവ് ആളോഹരി ചെലവ് ഛത്തീസ്ഗഡിലും. ഗ്രാമങ്ങളില്‍ 2,739 രൂപയും നഗരങ്ങളില്‍ 4927 രൂപയും. രാജ്യത്ത് ആകെ എടുത്താല്‍ ഗ്രാമങ്ങളില്‍ 4122 രൂപയും നഗരങ്ങളില്‍ 6996 രൂപയുമാണ് ആളോഹരി ചെലവ്.
أحدث أقدم