കടൽ കടന്ന് എത്തിയവൻ നിസാരകാരൻ അല്ല...!!


ചില്ലറക്കാരല്ല കടല്‍ കടന്ന് എത്തിയ ഈ പക്ഷികള്‍. ബാങ്കോക്കില്‍ നിന്ന് അപൂര്‍വയിനം പക്ഷികളെ കടത്തിയ തിരുവനന്തപുരം സ്വദേശികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. തായ് ലാന്‍ഡ്, ഇന്തോനീഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വസിക്കുന്ന മാലിയോ, കിങ് ബേര്‍ഡ് ഓഫ് പാരഡൈസ്, മാഗ്‌നിഫിഷ്യന്റ് ബേഡ് ഓഫ് പാരഡൈസ് എന്നീ പക്ഷികളാണിവ. ഇന്തോനീഷ്യയിലെ സുലവേസി ദ്വീപില്‍ ഭൂഗര്‍ഭ അറകളുണ്ടാക്കി കഴിയുന്നവരാണ് മാലിയോ പക്ഷികള്‍. ഏറെ ആകര്‍ഷകമായ ചുവന്ന നിറത്തിലുള്ളതാണ് സ്വര്‍ഗത്തില്‍ നിന്നുള്ള പക്ഷി. രണ്ട് ചെറിയ വള്ളികള്‍ പോലെ വാലുള്ള കുഞ്ഞന്‍ പക്ഷിയാണ് മാഗ്‌നിഫിഷ്യന്റ് ബേര്‍ഡ്. 25000 രൂപ മുതല്‍ രണ്ട് ലക്ഷം വരെ വിലയുള്ള പക്ഷികളാണിവ.  ഇവയെ ഇന്ത്യയില്‍ എത്തിക്കുന്നതിനും വളര്‍ത്തുന്നതിനും വനംവകുപ്പിന്റെയടക്കം അനുമതി ആവശ്യമാണ്. ഇത്തരം രേഖകളൊന്നുമില്ലാതെയായിരുന്ന പക്ഷികളുടെ കടത്ത്. 3 മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം പക്ഷികളെ നിയമവിരുദ്ധമായി വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ നിരവധിയാണ്. എന്നാല്‍ കേരളത്തില്‍ ഇത്തരം കേന്ദ്രങ്ങളില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. പക്ഷികളെ ആര്‍ക്കെത്തിച്ചു എന്നുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നടപടികള്‍ക്ക് ശേഷം പക്ഷികളെ ഇതിന്റെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. 

 തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വേഴാമ്പലടക്കം നാലിനങ്ങളില്‍പ്പെട്ട പതിനാല് പക്ഷികളെയാണ് കടത്തിയത്. രണ്ട് ലക്ഷം വരെ വിലയുള്ള പക്ഷികളെ എഴുപത്തിയയ്യായിരം രൂപ പ്രതിഫലത്തിനായി കടത്തിയെന്നാണ് പിടിയിലായവരുടെ മൊഴി. സ്വര്‍ണവും നികുതിവെട്ടിച്ച് കടത്തുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പ്രതീക്ഷിച്ചു നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടി. തായ് എയര്‍വേയ്‌സിലെത്തിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരുടെ ലഗേജില്‍ നിന്നുയര്‍ന്നത് ചിറകടി ശബ്ദം. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പെട്ടികളില്‍ വിദേശ പക്ഷികളാണെന്നുറപ്പിച്ചത്.


أحدث أقدم