ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ വേദി കെട്ടി സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം നടത്തിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. മരട് സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി.
സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്. വഞ്ചിയൂര്‍ കോടതിക്ക് സമീപമായിരുന്നു റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പ്രതികരണവുമായി പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു രംഗത്തെത്തിയിരുന്നു. അനുമതി വാങ്ങിയ ശേഷമായിരുന്നു വേദിയൊരുക്കിയതെന്നും എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു എന്നുമായിരുന്നു വഞ്ചിയൂര്‍ ബാബുവിന്റെ പ്രതികരണം.
സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനും കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്.