മനോരമ വീണ്ടും താഴേക്ക്; ചാനൽ റേറ്റിങ്ങിൽ വൻ തിരിച്ചടി; മാതൃഭൂമി നില മെച്ചപ്പെടുത്തുന്നു


മലയാളത്തിലെ സാറ്റലൈറ്റ് ചാനലുകളുടെ റേറ്റിങ് ഇത്രമേൽ ചർച്ചയാകുന്ന കാലം അടുത്തെങ്ങും ഉണ്ടായിട്ടില്ല. അതിന് പ്രധാന കാരണം പതിവ് രീതികളെയെല്ലാം മാറ്റിമറിച്ച് കടന്നുവന്ന് ഒന്നാം സ്ഥാനം പിടിച്ച റിപ്പോർട്ടർ ചാനൽ ഉണ്ടാക്കിയ ഇംപാക്ട് ആണ്. ചുരുങ്ങിയ സമയമാണ് ഒന്നാമത് നിന്നതെങ്കിലും കരുത്തരായ ഏഷ്യാനെറ്റിനെ വിറപ്പിച്ചു എന്നതാണ് റിപ്പോർട്ടറിൻ്റെ കരുത്തായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം കാമ്പുള്ള വാർത്തകളുമായി ഏഷ്യാനെറ്റ് മികച്ച തിരിച്ചുവരവ് തന്നെ നടത്തി ബാക്കിയെല്ലാവരെയും ബഹുദൂരം പിന്നിലാക്കി തുടരുകയാണ്.

മാധ്യമരംഗത്ത് നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള മനോരമയുടെയും മാതൃഭൂമിയുടെയും ടിവി ചാനലുകളുടെ പ്രകടനമാണ് ഇതിനൊപ്പം ചർച്ചയാകുന്നത്. 2006ൽ മനോരമ തുടങ്ങിയ കാലത്ത് മികച്ച ജേർണലിസ്റ്റുകളുടെ വലിയ നിരയുമായി ഏഷ്യാനെറ്റുമായി ഒപ്പത്തിനൊപ്പം പിടിച്ചുനിന്നിരുന്നു. എന്നാൽ പിന്നീട് താഴേക്ക് പോയി രണ്ടാമതായ മനോരമ, ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിൻ്റെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ ഒന്നരവർഷം മുൻപ് റീലോഞ്ച് ചെയ്ത റിപ്പോർട്ടർ ചാനൽ കുതിച്ചുകയറിയതോടെ നാലാം സ്ഥാനത്തായി. അവിടെ നിന്നാണ് ഇപ്പോൾ മാതൃഭൂമിക്കും പിന്നിൽ അഞ്ചാം സ്ഥാനത്ത് ആകുന്നത്.

ജനം കാണാൻ ആഗ്രഹിക്കുന്ന വിധം അഗ്രസീവായ വാർത്തകൾ ഒരു ചാനലിലുമില്ല. ഏഷ്യാനെറ്റാണ് അത്തരം ശ്രമങ്ങൾ ഇടക്കിടെ നടത്തുന്നത്. ബാക്കിയെല്ലാവരും ഒരേ അച്ചിൽ വാർത്തെടുത്തത് പോലെയുള്ള ഉള്ളടക്കവുമായി ഇഴഞ്ഞുനീങ്ങുന്നു. അവിടെയാണ് വാർത്തകളെ ആഘോഷമാക്കി അവതരിപ്പിക്കുന്ന റിപ്പോർട്ടറിൻ്റെയും 24ൻ്റെയും ശൈലി ജനം കാണാനിരുന്നത്. ഇതിനിടയിലൂടെ പോസിറ്റീവും ദൃശ്യസമ്പന്നവുമായ വാർത്തകൾ കണ്ടെത്തി അവതരിപ്പിക്കാൻ ശ്രമിച്ചത് മാതൃഭൂമിക്ക് ഒട്ടൊക്കെ ഗുണം ചെയ്യുന്നു എന്നുവേണം കരുതാൻ. ഇതിനൊന്നും കഴിയാതെയാണ് മനോരമ വീണുപോകുന്നത്.

രണ്ടാം സ്ഥാനത്ത് തുടരുന്ന റിപ്പോർട്ടർ ചാനലിനേക്കാളും 23 പോയിൻ്റ് മുകളിലാണ് ഏഷ്യാനെറ്റ്. ഏറെക്കുറെ ഒരേ ശൈലി പിന്തുടരുന്ന റിപ്പോർട്ടറും 24ന്യൂസും തമ്മിൽ 5 പോയിൻ്റ് വ്യത്യാസം മാത്രം. അതേസമയം ഒന്നാമതുള്ള ഏഷ്യാനെറ്റിന് 94 പോയിൻ്റ് ഉള്ളപ്പോൾ 38ഉം 40ഉം മാത്രമാണ് മനോരമക്കും മാതൃഭൂമിക്കും കിട്ടുന്നത്. 2013ൽ മാതൃഭൂമി ചാനൽ തുടങ്ങിയത് മുതൽ ഇതുവരെ മനോരമ ഒരുപടി മുന്നിലായിരുന്നു. മാതൃഭൂമി മുന്നിൽ എത്തിയപ്പോഴെല്ലാം, ചില പ്രായക്കാർ ഉൾപ്പെട്ട ഏതാനും ചില വിഭാഗങ്ങളിൽ മാത്രമാണെന്ന ആശ്വാസം മനോരമക്ക് ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞയാഴ്ചയിൽ പക്ഷെ മാതൃഭൂമിയുടെ മുന്നേറ്റം സമഗ്രമാണ്. ജനം ടിവി, കൈരളി തുടങ്ങിയവ മാത്രമാണ് ഇനി മനോരമക്ക് പിന്നിലുള്ളത്. മാധ്യമ നടത്തിപ്പിലെ പരിചയസമ്പത്തിൻ്റെയോ, സാമ്പത്തിക ശേഷിയുടെയോ, പ്രൊഫഷണലിസത്തിൻ്റെയോ കാര്യത്തിൽ മനോരമക്കുള്ള മേൽക്കൈ ശത്രുക്കൾ പോലും അംഗീകരിക്കും. എന്നിട്ടും ചാനൽ ഈ ഗതിയായതിൽ മാനേജ്മെൻ്റിന് കടുത്ത അതൃപ്തിയുണ്ട്. അടിമുടി ഉടച്ചുവാർക്കലിന് അവർ പദ്ധതിയിടുന്നതായും സൂചനയുണ്ട്
أحدث أقدم