റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; അപകടമുണ്ടാക്കിയ കാര്‍ അല്ലു അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്...



ബീച്ച് റോഡില്‍ റീൽസ് ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ ആല്‍വിന്റെ മരണത്തിനിടയാക്കിയ തെലങ്കാന രജിസ്‌ട്രേഷന്‍ കാര്‍ നേരത്തെ അല്ലു അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്. ‘ഡ്രിവണ്‍ ബൈ യു മൊബിലിറ്റി എന്ന പേരില്‍ രാജ്യവ്യാപകമായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്ന തെലങ്കാന ആസ്ഥാനമായുള്ള സ്ഥാപന ഉടമ അശ്വിന്‍ ജെയിനിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴുമുള്ളതെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

2022ല്‍ ഈ കാര്‍ മലയാളി വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നുവെങ്കിലും ഫിറ്റ്‌നസ്, റോഡ് നികുതി, ഇന്‍ഷൂറന്‍സ് എന്നിവ പൂര്‍ണമായി മാറ്റിയിട്ടില്ല. സെയില്‍ ലെറ്റര്‍ നല്‍കി എന്നതുമാത്രമാണ് ഒരു ഇടപാടായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിന് നിയമസാധുതയില്ല. അതുകൊണ്ടുതന്നെ അശ്വിന്‍ ജെയിനിനോട് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് വെള്ളയില്‍ പൊലീസ് കോടതിമുഖേന ആവശ്യപ്പെട്ടു.

അത്യാഡംബരക്കാറുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കുന്നതാണ് അശ്വിന്‍ ജെയിനിന്റെ കമ്പനിയുടെ പ്രധാന സര്‍വീസ്. രണ്ട് വര്‍ഷത്തേക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ നടത്തിയാണ് അല്ലു അര്‍ജുന് ഈ വാഹനം നല്‍കിയത്. രണ്ടുവര്‍ഷം ഉപയോഗിച്ചതിന് ശേഷം അശ്വിന്‍ ജെയിനിന്റെ കമ്പനിക്ക് തിരിച്ചു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സ്ഥലത്തെത്തി വ്യാഴാഴ്ച ഫൊറന്‍സിക് സംഘം രക്തസാംപിളുകള്‍ ശേഖരിച്ച് കോടതിമുഖേന പരിശോധനയ്ക്ക് അയച്ചു.

أحدث أقدم