കൽപറ്റ: വൈത്തിരി ചുണ്ടേലിൽ ഓട്ടോറിക്ഷാ ഡ്രൈവർ പീടിയേക്കൽ അബ്ദുൽ നവാസിന്‍റെ അപകട മരണം വ്യക്തിവിദ്വേഷത്തെ തുടർന്നുള്ള കൊലപാതകമെന്ന് കണ്ടെത്തി. ഓട്ടോയിലിടിച്ച ജീപ്പ് ഓടിച്ചിരുന്ന സുമിൽഷാദും സഹോദരൻ അജിൻഷാദും കസ്റ്റഡിയിലായി. തങ്ങളുടെ ഹോട്ടലിന് മുന്നിൽ അബ്ദുൽ നവാസ് കൂടോത്രം ചെയ്തതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സുമിൻഷാദ് സമ്മതിച്ചു. സുമില്‍ ഷാദ് ഓടിച്ച ജീപ്പ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചപ്പോള്‍ അതിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത് അജിന്‍ ഷാദാണെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ അമ്മാറ-ആനോത്ത് റോഡില്‍ ചുണ്ടേല്‍ എസ്റ്റേറ്റ് ഫാക്റ്ററിക്കു സമീപമായിരുന്നു അപകടമെന്ന് കരുതപ്പെട്ട കൊലപാതകം അരങ്ങേറിയത്. നവാസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ എതിരേ വരികയായിരുന്ന ഥാര്‍ ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും പരിശോധിച്ച പൊലീസ് സുമിൻഷാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
സുമിൽഷാദും അജിൻഷാദും നടത്തുന്ന ഹോട്ടലിന് മുന്നിൽ അബ്ദുൽ നവാസിന് പചരകക്ക് കടയുണ്ട്. മയക്കുമരുന്നു കച്ചവടത്തിന്‍റെ പേരിലാണ് സഹോദരൻമാരും അബ്ദുൽ നവാസുമായി ആദ്യം തർക്കമുണ്ടായത്. മയക്കുമരുന്ന് ഇടപാടിനെതിരേ നവാസ് ഇരുവരെയും താക്കീത് ചെയ്തതിനെ തുടർന്ന് ഇവർ നവാസിനെതിരെ വധഭീഷണി മുഴക്കി. ഇതിന് പിന്നാലെ കഴിഞ്ഞ നവംബർ 30ന് ഹോട്ടലിന് മുന്നിൽ കൂടോത്രവുമായി ബന്ധപ്പെട്ട സാധനങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു. വാഴയിലയിൽ വച്ച് കോഴിയുടെ തല, പട്ട്, ഭസ്മം, മഞ്ഞൾപ്പൊടി, വെറ്റില എന്നിവയാണ് കിട്ടിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൂടോത്രം വച്ചത് നവാസാണെന്ന് മനസ്സിലായതോടെ നവാസിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
അപകടം നടക്കുന്നതിനു മുൻപ് സമീപത്തെ പള്ളിക്കു സമീപം ജീപ്പ് നിർത്തിയിട്ട് സുമിൽഷാദ് കാത്തു നിന്നതും മൊബൈൽ ഫോൺ റിങ് ചെയ്തപ്പോൾ പെട്ടെന്ന് വാഹനമെടുത്ത് പോയതും നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഓട്ടോ ഇടിച്ചുതെറിപ്പിച്ച ശേഷം സുമില്‍ ഷാദ് മുന്‍ഭാഗം തകര്‍ന്ന ജീപ്പിന് മുന്നില്‍നിന്ന് എടുത്ത ഫോട്ടോ ഫോണിൽ നിന്ന് കണ്ടെടുത്തു. ഇത് ചെയ്തുവെന്ന് ബോധിപ്പിക്കുന്ന തരത്തിലാണ് സുമില്‍ ഫോട്ടോ എടുത്തത്. ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. എതിരെ ഓട്ടോ വന്നപ്പോൾ ജീപ്പ് പെട്ടെന്നു വെട്ടിച്ച് അതിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന റോഡിനു നല്ല വീതിയുണ്ടായിരുന്നു. വളവുകളില്ലാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാമായിരുന്നുവെന്നതും സംശയത്തിനിടയാക്കി.
സംഭവത്തിന് ശേഷം നാട്ടുകാരിൽ ചിലർ ഹോട്ടൽ അടിച്ചു തകർത്തിരുന്നു. അപകടം കൊലപാതകമാണെന്ന് ആരോപിച്ച് നാട്ടുകാരും വീട്ടുകാരും രംഗത്തെത്തി. ഇതോടെയാണ് കൊലപാതക സാധ്യതയിലേക്ക് പൊലീസ് അന്വേഷണം നീങ്ങിയത്.