മനപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നടനെതിരെ കേസെടുത്തത്. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങൾക്കൊടുവിൽ പുലർച്ചെ അല്ലു അർജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേർ കാത്തുനിൽക്കെ പിൻഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. തെലങ്കാന ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അർജുൻ ഇന്നലെ കഴിഞ്ഞത്. ജയിലിൻറെ പിൻ ഗേറ്റ് വഴിയാണ് അല്ലു അർജുനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാണിച്ച് മുൻഗേറ്റ് വഴി അല്ലു അർജുനെ പുറത്തേക്ക് കൊണ്ടുവരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
അല്ലു അർജുനൊപ്പം തീയറ്റർ ഉടമകളും ജയിൽ മോചിതരായി. സന്ധ്യ തീയറ്റർ മാനേജ്‌മെൻറ് ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവർക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും അല്ലു അർജുനൊപ്പം റിലീസ് ചെയ്തു. അതേസമയം, ജയിൽ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകർ പറഞ്ഞു. ഇന്നലെ രാത്രി ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്തിയിരുന്നു. എന്നിട്ടും ജയിൽ മോചനം വൈകി എന്ന് അഭിഭാഷകർ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അഭിഭാഷകർ വ്യക്തമാക്കി.
ജയിൽ മോചനത്തിന് മുമ്പായി അല്ലു അർജുൻറെ അച്ഛൻ അല്ലു അരവിന്ദ് ചഞ്ചൽഗുഡ സ്റ്റേഷനിൽ എത്തിയിരുന്നു. ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഢിയും എത്തിയിരുന്നു. ഇന്നലെ രാത്രി കോടതിയിൽ നിന്ന് ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്താൻ വൈകിയെന്നും രാത്രി വൈകി ജയിൽമോചനത്തിന്റെ നടപടിക്രമങ്ങൾ സാധ്യമല്ല എന്ന് ജയിൽ സൂപ്രണ്ട് വ്യക്തമാക്കുകയായിരുന്നു. ഇതേ തുടർന്നാണ് അല്ലു അർജുൻ ജയിലിൽ തുടരേണ്ടി വന്നത്. ചഞ്ചൽഗുഡ ജയിലിലെ ക്ലാസ് 1 ബാരക്കിലാണ് അല്ലു അർജുൻ രാത്രി കഴിഞ്ഞത്.
അതേസമയം, സന്ധ്യ തീയറ്റർ മാനേജ്‌മെന്റ് വാദം ശക്തമായി നിഷേധിച്ച് പൊലീസ് രംഗത്തെത്തി. നേരത്തെ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് തീയറ്റർ മാനേജ്‌മെന്റ് കോടതിയിൽ വാദിച്ചിരുന്നു. തെളിവായി സമൂഹമാധ്യമങ്ങളിലൂടെ കത്തും പുറത്ത് വിട്ടു. രണ്ടാം തീയതി തന്നെ അപേക്ഷ നൽകി എന്നാണ് തീയറ്റർ മാനേജ്‌മെൻറ് വാദം.
ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ, ഹൈദരാബാദിലെ നാന്പള്ളി മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. വൈകീട്ടോടെ പുറത്തിറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉത്തരവ് വൈകിയത് തിരിച്ചടിയായി.