രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുക എളുപ്പമല്ല. രണ്ട് പേടകങ്ങളുടെയും വേഗ നിയന്ത്രണം കൃത്യമായിരിക്കണം. കൂടിച്ചേർന്ന് കഴിഞ്ഞാൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും വേണം. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ എന്ന സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കാൻ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കേണ്ടതുണ്ട്. നിലയത്തെ ഒരൊറ്റ വിക്ഷേപണത്തിൽ ബഹിരാകാശത്ത് എത്തിക്കുക സാധ്യമല്ല. ഘട്ടം ഘട്ടമായി വിക്ഷേപിച്ച് പിന്നീട് ബഹിരാകാശത്ത് വച്ച് കൂടിച്ചേർക്കുക മാത്രമാണ് പ്രായോഗികം.
പിഎസ്എൽവി റോക്കറ്റ് 220 കിലോഗ്രാം ഭാരമുള്ള പ്രത്യേകം രൂപകൽപ്പന ചെയ്ത രണ്ട് ഉപഗ്രഹങ്ങൾ ആണ് വഹിക്കുന്നത്. തുടർന്ന് ഭൂമിയിൽ നിന്ന് 470 കിലോമീറ്റർ മുകളിൽ ഡോക്ക് ചെയ്യാനും അൺഡോക്ക് ചെയ്യാനുള്ള ശ്രമങ്ങളിൽ ഏർപ്പെടും. നാസ വികസിപ്പിച്ച ഇൻ്റർനാഷണൽ ഡോക്കിംഗ് സിസ്റ്റം സ്റ്റാൻഡേർഡ് (ഐഡിഎസ്എസ്) പാലിക്കുന്ന ‘ഭാരതീയ ഡോക്കിംഗ് സിസ്റ്റം’ എന്ന പേരിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ബഹിരാകാശ ഡോക്കിംഗ് സംവിധാനം ബഹിരാകാശ ഏജൻസി ഉപയോഗിക്കും.
സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും സ്വന്തം ബഹിരാകാശ നിലയങ്ങൾ യാഥാർത്ഥ്യമാക്കിയത് ഇങ്ങനെയാണ്. സ്പാഡെക്സ് ദൗത്യം വിജയിച്ചാൽ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ.