ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാർമെന്റിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ രാഹുൽ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്ന് പരാതി നൽകി വനിതാ എംപി. നാഗാലാൻഡിൽ നിന്നുള്ള ഫാഗ്നോൻ കൊന്യാക് ആണ് ഈ ആരോപണമുന്നയിച്ച് രാജ്യസഭാ ചെയർമാന് പരാതി നൽകിയത്. പാർലമെന്റ് കവാടത്തിൽ ബിജെപിയും കോൺഗ്രസും പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഗാന്ധി തന്നോട് ചേർന്ന് നിന്നെന്നും ഒരു സ്ത്രീ എന്ന നിലയിൽ അത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നുമാണ് ഫാഗ്നോൻ കൊന്യാകിന്റെ പരാതി.
ഒരു പ്ലക്കാർഡും കൈയ്യിലേന്തി ഞാനവിടെ നിൽക്കുകയായിരുന്നു, മറ്റ് പാർട്ടികളിലെ എംപിമാർക്ക് കടന്നുപോകാൻ സെക്യൂരിറ്റി ജീവനക്കാർ വഴിയൊരുക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ്, പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ജി മറ്റ് കോൺഗ്രസ് അംഗങ്ങൾക്കൊപ്പം എന്റെയടുത്തേക്ക് വന്ന് നിന്നത്. അവർക്ക് പോകാനായി തയ്യാറാക്കിയ വഴിയിലൂടെ പോവുകയല്ല അദ്ദേഹം ചെയ്തത്. അദ്ദേഹം എന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. എന്റെ ശരീരത്തോട് ചേർന്നാണ് നിന്നത്. ഒരു വനിതാ എംപി എന്ന നിലയിൽ അതെനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കി. ഫാഗ്നോൻ കൊന്യാക് രാജ്യസഭാ ചെയർമാന് നൽകിയ കത്തിൽ പറയുന്നു.