കേരളബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിയത് ലക്ഷങ്ങൾ….എ. എസ്. ഐ. അറസ്റ്റിൽ…



കേരളബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന എഎസ്ഐ അറസ്റ്റിൽ. ജോലി വാഗ്ദാനംചെയ്ത് 26 ലക്ഷം രൂപ തട്ടിയെന്ന് ബന്ധുവായ വനിത പരാതി നൽകിയിരുന്നു. ആളൂർ പോലീസ്‌സ്റ്റേഷനിലെ എഎസ്ഐ ആളൂർ മണക്കാടൻ വീട്ടിൽ വിനോദ്‌കുമാറി(53)നെയാണ് അറസ്റ്റ് ചെയ്തത്. വടമ കാട്ടിക്കരക്കുന്ന് കണ്ണൻകാട്ടിൽ വീട്ടിൽ ശരണ്യയുടെ പരാതിയിലാണ് അറസ്റ്റ്. ശരണ്യയുടെ ഭർത്താവ്‌ രാഹുലിന്റെ ബന്ധുവാണ് വിനോദ്കുമാർ.

അന്നമനട സ്വദേശി സുമേഷ്, രഞ്ജിത്ത് എന്നിവർ കൂട്ടുപ്രതികളാണെന്നും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. 2021 മേയിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. പരാതിക്കാരിയുടെ അച്ഛന്റെയും ഭർത്താവിന്റെയും കൈയിൽനിന്ന് വിനോദ്‌കുമാർ നേരിട്ടും മറ്റ് രണ്ടു പ്രതികൾ അക്കൗണ്ട് മുഖേനെയും പലതവണ പണം കൈപ്പറ്റിയെന്നാണ് പരാതി. കേരളബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ അസിസ്റ്റന്റ്‌ മാനേജരായി ജോലിനൽകാമെന്നായിരുന്നു വാഗ്ദാനമെന്ന് പറയുന്നു. ഏപ്രിൽ 19-നാണ് ആളൂർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് വിനോദ് കുമാറിനെ സസ്‌പെൻഡ്‌ ചെയ്തിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ വീട്ടിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് സി.ഐ. കെ.എം. ബിനീഷ് പറഞ്ഞു. എസ്.ഐ.മാരായ സുരേന്ദ്രൻ, ബിജു ജോസഫ്, സ്പെഷ്യൽബ്രാഞ്ച് എസ്.ഐ. ബാബു, സി.പി.ഒ.ഡാനിയൽ, ജീവൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ഇതേ മാതൃകയിൽ കൊരട്ടി സ്റ്റേഷനിലും രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലൊന്നിലും വിനോദ് എന്ന പേരുള്ള ഒരാൾ പ്രതിയാണ്. കേസെടുത്ത് ഇത്രയധികം ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലായിരുന്നു. കേരളബാങ്ക് അധികൃതർ ഇതുസംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവിട്ടതോടെയാണ് വീണ്ടും ചർച്ചയായതും അറസ്റ്റിലേക്കെത്തിയതും.


أحدث أقدم