മുഴുവന്‍ അംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് വലിയ പരിപാടി നടത്താനാണ് സംഘടന ലക്ഷ്യമിടുന്നത്. കൊച്ചിയില്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാവും പരിപാടിയെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കൂട്ടരാജി നല്‍കിയതോടെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റിയാവും പരിപാടിക്ക് നേതൃത്വം നല്‍കുക.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തിലാവും പരിപാടികള്‍. മെഗാസ്‌റ്റേജ് ഷോയടക്കമുള്ള പരിപാടികളാണ് പദ്ധതിയിടുന്നത്. ഒരുദിവസം പൂര്‍ണ്ണമായും നീണ്ടുനില്‍ക്കുന്ന പരിപാടിയാണുണ്ടാവുക. നേരത്തെ, ഓണത്തോട് അനുബന്ധിച്ച് കുടുംബസംഗമം നടത്താന്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍, വിവാദങ്ങളെത്തുടര്‍ന്ന് ഭരണസമിതി കൂട്ടരാജി നല്‍കിയതോടെ പരിപാടി നടന്നില്ല. കൂട്ടരാജി അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രികൂടിയായ നടന്‍ സുരേഷ് ഗോപി അമ്മ ആസ്ഥാനത്ത് നടന്ന കേരള പിറവി ദിനാഘോഷത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. രാജിവെച്ചവര്‍ തിരികെ സ്ഥാനമേറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈംഗികാരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ കൂട്ട രാജി നല്‍കിയിരുന്നു. ഭരണസമിതി മുഴുവന്‍ കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് രാജിവെച്ചത്. രണ്ടുമാസത്തിനുള്ളില്‍ ജനറല്‍ബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു രാജിസമയത്ത് അറിയിച്ചിരുന്നത്. തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഭരണസമിതി രണ്ടുമാസം തികയുംമുന്‍പാണ് സ്ഥാനമൊഴിഞ്ഞത്.