സ്റ്റുഡന്റ്സ് വിസയിൽ കനഡയിലെ കോളജുകൾ വഴി യു.എസിലേക്ക് മനുഷ്യക്കടത്ത്: സ്ഥാപനങ്ങൾക്കെതിരെ ഇ.ഡി അന്വേഷണം



ന്യൂഡൽഹി: സ്റ്റുഡന്റ് വിസ സമ്പാദിച്ച് കനഡയെ ഇടത്താവളമായി ഉപയോഗിച്ച് യു.എസിലേക്ക് ഇന്ത്യക്കാരെ കടത്തുന്ന കേസിൽ ഗുജറാത്ത് ആസ്ഥാനമായുള്ള കനേഡിയൻ കോളജുകളുടെയും നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുടെയും പങ്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ഗുജറാത്തിലെ ഗാന്ധിനഗറിലെ ഡിങ്കുച്ച ഗ്രാമത്തിൽ നിന്നുള്ള നാലംഗ ഇന്ത്യൻ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. 2022 ജനുവരിയിൽ യു.എസ്-കാനഡ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കുട്ടികളുൾപ്പെടെയുള്ള കുടുംബം തണുത്തുമരവിച്ച് മരിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) ക്രിമിനൽ വകുപ്പുകൾ പ്രകാരം കേസിലെ മുഖ്യപ്രതിയായ ഭവേഷ് അശോക്ഭായ് പട്ടേലിനും മറ്റു ചിലർക്കുമെതിരെ അഹമ്മദാബാദ് പൊലീസ് എഫ്.ഐ.ആർ നൽകിയത് നേരത്തെ ഇ.ച്‍യുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.ഇരകളായ ജഗദീഷ് പട്ടേൽ, ഭാര്യ വൈശാലിബെൻ, ഇവരുടെ 11 വയസ്സുള്ള മകൾ വിഹാംഗി, മൂന്ന് വയസ്സുള്ള മകൻ ധാർമിക് എന്നിവരെ ജനുവരി 19ന് കനേഡിയൻ അധികൃതർ മാനിറ്റോബ പ്രവിശ്യയിലെ എമേഴ്‌സൺ ടൗണിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യു.എസിലേക്കുള്ള നിയമവിരുദ്ധമായ പ്രവേശനത്തിന് ഈ കുടുംബം കള്ളക്കടത്തുകാർക്ക് പണം നൽകിയിരുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള 11 അംഗ റാക്കറ്റാണ് ഇതിനു പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരം.

നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കനഡ വഴി യു.എസിലേക്ക് ഇന്ത്യക്കാരെ അയക്കുന്നതിന് ഭാവേഷ് പട്ടേലും മറ്റുള്ളവരും വളരെ ആസൂത്രിതമായി മനുഷ്യക്കടത്ത് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സ്റ്റുഡന്റ് വിസയിൽ ആളുകളെ കനഡയിലേക്ക് കൊണ്ടുവരികയും അനധികൃതമായി അതിർത്തി കടത്തി യു.എസിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന റാക്കറ്റിൽ ഇവർ ഉൾപ്പെട്ടിരുന്നുവെന്നും ഇ.ഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇതിനായി പ്രതികൾ ചില കനേഡിയൻ കോളജുകളുമായി കൈകോർത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
أحدث أقدم