'ഗോവിന്ദന്‍ മാഷിന്റെ വൈരുധ്യാത്മക ഭൗതികവാദം അറിയണമെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോകണം'




തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സെസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതിനിധിയുടെ പരിഹാസം. ഗോവിന്ദന്‍ മാഷിന്റെ വൈരുധ്യാത്മക ഭൗതികവാദം അറിയണമെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോകണം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അര്‍ത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കുമാണ്. പൊലീസ് സ്റ്റേഷനില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പോലും നീതി കിട്ടുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനത്തിനിടെയാണ് വനിതാ പ്രതിനിധി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാഷാശൈലിയെയും പരിഹസിച്ചത്.

സംസ്ഥാനസര്‍ക്കാരിനെതിരെയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ആരോപണ വിധേയനായ എഡിജിപി എം ആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള മന്ത്രിസഭാതീരുമാനത്തെ, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ പ്രതിനിധികള്‍ വിമര്‍ശിച്ചു. കോടതി വ്യവഹാരത്തിലൂടെ അജിത് കുമാറിന് ഡിജിപിയാകാന്‍ കഴിയുമെന്നിരിക്കെ, സര്‍ക്കാര്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടിയിരുന്നില്ല. മന്ത്രിസഭ ചേര്‍ന്ന് സ്ഥാനക്കയറ്റം നല്‍കേണ്ടിയിരുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.

തിരുവനന്തപുരം നഗരസഭ ഭരണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു. അവാര്‍ഡു കൊണ്ട് കാര്യമില്ല. ജനങ്ങളുടെ പിന്തുണയാണ് ഭരണം നിലനിര്‍ത്താന്‍ വേണ്ടതെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നഗരസഭയുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. നഗരസഭ ഭരണത്തില്‍ തിരുത്തല്‍ ഉണ്ടായില്ലെയെങ്കില്‍ 2025 ല്‍ ഭരണത്തില്‍ തിരിച്ചുവരാനാകില്ല. റോഡുകള്‍, കുടിവെള്ള പ്രശ്നം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ പരാതി ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വാദങ്ങള്‍ ഉയര്‍ന്നു. മേയറെ യുഡിഎഫും ബിജെപിയും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അതുകൊണ്ട് നഗരസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും മേയറെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു. സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് പരിതാപകരമാണ്. ഡിവൈഎഫ്‌ഐ ചാരിറ്റി സംഘടനയായി മാറി. തുടര്‍ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യം നഷ്ടമായതായും പ്രതിനിധികള്‍ വിമര്‍ശിച്ചു.
أحدث أقدم