കാട്ടാന ആക്രമണം: കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍



കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. വന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്ക് യുഡിഎഫ് പ്രതിഷേധ റാലിയും നടത്തും.

വൈകീട്ട് കോതമംഗലത്ത് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും പരാജയമാണ് മരണത്തിന് ഇടയാക്കിയത്. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ പലപ്പോഴായി പറഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഫെന്‍സിങ് പൂര്‍ത്തിയാക്കുകയോ ആര്‍ആര്‍ടിയെ അയക്കുകയോ ചെയ്തില്ലെന്നും മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി.

കാട്ടാന ആക്രമണത്തില്‍ ക്ണാച്ചേരി കോടിയാട്ട് എല്‍ദോസ് വര്‍ഗീസ് (45) ആണ് ഇന്നലെ മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസ്, രാത്രി എട്ടരയോടെ കെഎസ്ആര്‍ടിസി ബസിലെത്തി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട്ടില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ അകലെയാണ് ആക്രമണം ഉണ്ടായത്.
أحدث أقدم