വ്യാജ രേഖകൾ നൽകി അനർഹമായി ബിപിഎൽ മുൻഗണനാ കാർഡ് കൈവശപ്പെടുത്തി…പഞ്ചായത്ത് പ്രസിഡന്റിന് പിഴ



വ്യാജ രേഖകൾ നൽകി അനർഹമായി ബിപിഎൽ മുൻഗണനാ കാർഡ് കൈവശപ്പെടുത്തി റേഷൻ കൈപ്പറ്റിയതായി കണ്ടെത്തുകയും പിഴശിക്ഷാ നടപടി നേരിടുകയും ചെയ്ത കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനഭായ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധത്തിലേക്ക്.

കടങ്ങോട് ഗ്രാപഞ്ചായത്ത് പ്രസിഡന്റായ മീനഭായ് സാജനും കൂടുംബത്തിനും അർഹതയില്ലാത്ത  മുൻഗണനാ സബ്സിഡി ലഭിച്ചുവെന്നതാണ് പരാതി. ബിപിഎൽ കാർഡ് കൈവശം വെച്ച് അനർഹമായി റേഷൻ സാധനങ്ങൾ കൈപറ്റുന്നതായി താലൂക്ക് തല സപ്ലെ സ്കോഡ് കണ്ടെത്തിയിരുന്നു. തുടർന്ന് 2021  ജൂലൈ 15 ന് മുൻപ് കാർഡ് സപ്ലൈ ഓഫീസിൽ ഹാജരാക്കി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നതിന് പല തവണ നിർദേശം നൽകിയിരുന്നെങ്കിലും മീനഭായ് ഇതിന് തയ്യാറായില്ല. 

തുടർന്നാണ് ഒന്നാം ഗഡുവായി 2022 ജനുവരിമാസം മുതൽ കൈപറ്റിയിട്ടുള്ള സാധനങ്ങളുടെ തുകയായ 3658 രൂപ പിഴ അടയ്ക്കാൻ കുന്നംകുളം താലൂക്ക് സപ്ലെ ഓഫീസർ നോട്ടീസ് നൽകിയത്. പിഴത്തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് എന്ന ഭരണഘടന പദവിയിൽ ഇരുന്ന് സർക്കാരിനെ കബളിപ്പിച്ച് കുറ്റകൃത്യം ചെയ്ത് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മീന സാജൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് യു ഡി എഫ് രംഗത്തെത്തിയിരിക്കുന്നത്. 

പഞ്ചായത്തിലെ അർഹരായ നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങൾ ബി പി എൽ കാർഡ് ലഭിക്കാതെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് കഴിയുന്ന സാഹചര്യത്തിലാണ് ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി മീനാഭായ് നിയമവിരുദ്ധ പ്രവർത്തനം നടത്തിയതെന്നും ഇവരെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവരെ മുൻനിർത്തി യു ഡി എഫ് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

أحدث أقدم