ആധ്യാത്മിക,സാമൂഹികരംഗത്തെ സംഭാവനകളും, ഇന്ത്യ - റഷ്യ ബന്ധം മെച്ചപ്പെടുത്താന്‍ നടത്തുന്ന ഇടപെടലുകളും പരിഗണിച്ചാണ് ഇത് നല്‍കുന്നത്. ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് വേണ്ടി റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപോവ് ബഹുമതി കൈമാറും.ചടങ്ങില്‍ രാഷ്ട്രീയ-സാമുദായിക-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
2021 ഒക്ടോബര്‍ 15നാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവ മലങ്കരസഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റത്. തന്റെ മുന്‍ഗാമിയുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ സഹോദരന്‍ പദ്ധതിയിലൂടെ ജാതി മതഭേദമന്യേ ആയിരക്കണക്കിന് ആളുകളിലേക്ക് ഇതിനോടകം ബാവ സഹായം എത്തിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള ബന്ധം ഈ കാലയളവില്‍ കൂടുതല്‍ ദൃഢമാക്കി.സമൂഹത്തില്‍ നടത്തിയ ഇടപെടലുകളും,റഷ്യയുമായുള്ള ആധ്യാത്മിക,സാംസ്‌ക്കാരിക വിനിമയവും പുരസ്‌ക്കാരത്തില്‍ നിര്‍ണായകമായി. റഷ്യന്‍ സഭയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഫെയ്ത്ത് ആന്‍ഡ് ഗ്ലോറി 2014 നവംബര്‍ 2ന് കാതോലിക്ക ബാവയ്ക്ക് സമ്മാനിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍സെന്‍, ബ്രഹ്‌മോസ് തലവന്‍ എ ശിവതാണുപിള്ള , തമിഴ് സാഹിത്യകാരന്‍ ജയകാന്തന്‍ തുടങ്ങിയവര്‍ക്ക് റഷ്യന്‍ പ്രസിഡന്റിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ലഭിച്ചിട്ടുണ്ട്.
2024 ജൂലൈയില്‍ റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെയിന്റ് ആന്‍ഡ്രൂ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിലുള്ള നിര്‍ണായക പങ്ക് പരിഗണിച്ചായിരുന്നു പുരസ്‌ക്കാരം.
സ്വദേശത്തെയും വിദേശരാജ്യങ്ങളിലെയും പ്രതിഭകളെ ആദരിക്കുന്നതിനായി 1994 ലാണ് റഷ്യ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏര്‍പ്പെടുത്തിയത്. ഐക്യരാഷ്ട്ര സഭയുടെ മുന്‍സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് പുരസ്‌ക്കാരം സമ്മാനിച്ചു. ശരീരത്തില്‍ നെഞ്ചോട് ചേര്‍ത്ത് ഇടതുവശത്തായാണ് ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ധരിക്കേണ്ടത്. ഒലിവ് ഇലകളാല്‍ ചുറ്റപ്പെട്ട ഭൂഗോളവും അതിനെ ആവരണം ചെയ്യുന്ന പെന്റഗണല്‍ നക്ഷത്രവും ചേര്‍ന്നതാണ് രൂപകല്‍പ്പന. സമാധാനവും സൗഹൃദവും എന്ന് റഷ്യന്‍ ഭാഷയില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.