സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ രൂക്ഷ വിമർശനവുമായി മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി. എതിർവാ പറഞ്ഞാൽ ഉടൻ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു. അധികാരത്തിനായി മോഹിക്കുന്നയാളാണ് വി ജോയ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ തനിക്ക് കടുത്ത അമർഷമുണ്ടെന്ന് താൻ മുൻപുതന്നെ പാർട്ടിയെ ധരിപ്പിച്ചിരുന്നെന്നും മധു മുല്ലശ്ശേരി പറഞ്ഞു.
ഏരിയ കമ്മിറ്റിയ്ക്ക് വിരുദ്ധമായ നിലപാടാണ് സദാ ജില്ലാ കമ്മിറ്റിയെടുക്കാറുള്ളത്. താൻ പാർട്ടി വിട്ടാൽ നിരവധി സഖാക്കളും തന്റെ മകനും തനിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായ സാമ്പത്തിക ആരോപണങ്ങളെ മധു പൂർണമായി തള്ളി. ഇന്നലെ വരെ തനിക്കെതിരെ സാമ്പത്തിക ആരോപണമില്ലായിരുന്നല്ലോ. ഒന്നും പറയാനില്ലപ്പോൾ പറയുന്ന ആരോപണങ്ങൾ മാത്രമാണത്.
താൻ സെക്രട്ടറിയായിരുന്നപ്പോൾ മനോഹരമായ ഏരിയ കമ്മിറ്റി ഓഫിസുണ്ടാക്കാനായി. തന്റെ ഏരിയ കമ്മിറ്റിയിൽ 27 ലക്ഷം രൂപ ബാലൻസാണ്. പിന്നെന്ത് സാമ്പത്തിക അഴിമതിയാണ് താൻ നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. ഏരിയാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയതിനാൽ മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കാനാണ് സാധ്യത. മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തിട്ടുണ്ട്.