ജോലി സമ്മർദം: യുവാവ് സ്വന്തം വിരലുകൾ മുറിച്ചുമാറ്റി!


ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ജോലി സമ്മർദം താങ്ങാനാവാതെ വന്നപ്പോൾ മുപ്പത്തിരണ്ടുകാരൻ സ്വന്തം വിരലുകൾ വെട്ടിമാറ്റുകയായിരുന്നു. ജോലി രാജിവയ്ക്കാൻ വീട്ടുകാർ സമ്മതിക്കാത്തതാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഒരു ആഭരണശാലയിലെ കംപ്യൂട്ടർ ഓപ്പറേറ്റർ ഡിസംബർ എട്ടിനാണ്, അജ്ഞാതരായ അക്രമികൾ തന്‍റെ ഇടതു കൈയിലെ നാല് വിരലുകൾ വെട്ടിമാറ്റിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ, ഇയാളുടെ മോട്ടോർസൈക്കിളോ മൊബൈൽ ഫോണോ പണമോ ഒന്നും നഷ്ടമാകാതിരുന്നതും, മുറിച്ചു മാറ്റിയ വിരലുകൾ കണ്ടെത്താനാവാതെ വന്നതും പൊലീസിനെ കുഴപ്പിച്ചു.

അങ്ങനെ ഡിറ്റക്ഷൻ ഓഫ് ക്രൈം ബ്രാഞ്ച് (ഡിസിബി) കേസ് ഏറ്റെടുത്തു. അങ്ങനെ പരാതിക്കാരനോട് അന്നു നടന്ന സംഭവങ്ങൾ ക്രമം തെറ്റാതെ ആവർത്തിക്കാൻ ആവശ്യപ്പെടുകയും ഫോൺ റെക്കോഡുകൾ പരിശോധിക്കുകയും ചെയ്തതോടെ പിടിച്ചുനിൽക്കാൻ പറ്റാതായി.

ജോലി സമ്മർദം കാരണം സ്വന്തമായി ചെയ്തതാണിതെന്ന് ‌അദ്ദേഹം സമ്മതിച്ചു. അച്ഛന്‍റെ ബന്ധുവിന്‍റെ സ്ഥാപനമായതിനാൽ രാജി വയ്ക്കാൻ സാധിക്കുമായിരുന്നില്ലെന്നും വിശദീകരണം.
എൻജിനീയറിങ് ബിരുദധാരിയാണ് യുവാവ്. സ്വയം മുറിച്ചുമാറ്റിയ വിരലുകളും അതിനുപയോഗിച്ച കത്തിയും അദ്ദേഹം പൊലീസിനു കൈമാറി. ഒറ്റ വെട്ടിൽ മൂന്ന് വിരലുകളാണ് അറ്റുപോയതെന്നും, അടുത്ത വെട്ടിലാണ് നാലാമത്തെ വിരലും മുറിഞ്ഞതെന്നും പൊലീസ്. ഇതിനായി കശാപ്പുകാർ ഉപയോഗിക്കുന്ന തരം കത്തിയും വാങ്ങിയിരുന്നു.

വിവാഹിതനും രണ്ടര വയസുള്ള പെൺകുട്ടിയുടെ അച്ഛനുമാണ് യുവാവ്. അദ്ദേഹത്തിനെതിരേ നിയമ നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
أحدث أقدم