'എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണം, വിധിയില്‍ പൂര്‍ണ തൃപ്തരല്ല'; കണ്ണീരടക്കാനാവാതെ പൊട്ടിക്കരഞ്ഞ് അമ്മമാര്‍




കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളില്‍ വൈകാരിക രംഗങ്ങള്‍.

കോടതി വിധി കേട്ട് ഇരുവരുടെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞു. കോടതി വിധി കേട്ട് പ്രതികരിക്കാനാകാതെ ഏറെ നേരം കണ്ണീരോടെ നിന്ന ഇരുവരെയും ആശ്വസിപ്പിക്കാനും കുടുംബാംഗങ്ങള്‍ പാടുപെട്ടു. കോടതിയില്‍ വിശ്വാസമുണ്ടെന്നും എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും കൃപേഷ് ലാലിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാര്‍ പറഞ്ഞു.

വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി 10 പേരെ കോടതി വെറുതെ വിട്ടു. എങ്കിലും വിധിയില്‍ ആശ്വാസമുണ്ട്. കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ കുറെ കളിച്ചിരുന്നുവെന്ന് കൃപേഷിന്‍റെ അമ്മ ബാലാമണി പറഞ്ഞു. ഇത്രയും കാലം കാത്തിരുന്നത് ഈ ദിവസത്തിനുവേണ്ടിയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം. അതുകൊണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഐ അന്വേഷണത്തിനായി കുറെയെറെ പരിശ്രമിക്കേണ്ടിവന്നു. ഇപ്പോള്‍ ഒന്നും പറയാനാകുന്നില്ലെന്നും ബാലാമണി പറഞ്ഞു.

നീതി കിട്ടിയെന്നാണ് വിശ്വസിക്കുന്നതെന്നും തക്കതായ ശിക്ഷ എല്ലാവര്‍ക്കും കിട്ടുമെന്ന് കരുതുന്നതായും ബാലാമണി കൂട്ടിചേര്‍ത്തു. എല്ലാ കുറ്റവാളികളും ശിക്ഷപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ശരത് ലാലിന്‍റെ അമ്മ പ്രതികരിച്ചു. വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ല. എങ്കിലും കോടതിയില്‍ വിശ്വാസമുണ്ട്. 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത് ആശ്വാസമാണെന്നും അവര്‍ പ്രതികരിച്ചു. വിധിക്ക് പിന്നാലെ ശരത് ലാലിന്‍റെ സ്മൃതി മണ്ഡപത്തില്‍ അമ്മ പുഷ്പാര്‍ച്ചന നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ അടക്കമുള്ള മറ്റു നേതാക്കളും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി.

വിധിയില്‍ പൂർണ തൃപ്തരല്ലെന്നും 14 പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും കേസിലെ സാക്ഷികളിലൊരാള്‍ കൂടിയായ ശരത് ലാലിന്‍റെ സഹോദരി പ്രതികരിച്ചു. പത്ത് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ ഉള്‍പ്പെടെയുള്ള നിയമപരമായ കാര്യങ്ങളെക്കുറിച്ചും ആലോചിക്കുമെന്നും സഹോദരി പറഞ്ഞു.അതേസമയം, 10പേരെ വെറുതെ വിട്ട വിധിക്കെതിരെയും നിയമപരമായി മുന്നോട്ടുപോകുമെന്നാണ് മറ്റു കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്. വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും പ്രതികരിച്ചു. നിയമപരമായി മുന്നോട്ടുപോകുമെന്നും അപ്പീല്‍ നല്‍കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
أحدث أقدم