എക്സ്റേ റിപ്പോർട്ട് മാറിപ്പോയി;
കൊച്ചി: 34 കാരിയായ സ്ത്രീയ്ക്ക് നൽകിയത് 61കാരിയ്ക്ക് നൽകേണ്ട മരുന്ന്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സ പിഴവ് സംഭവിച്ചിരിക്കുന്നത്. എക്സ്-റേ റിപ്പോർട്ട് മാറിപ്പോയതാണ് കാരണം. സംഭവത്തിൽ ചികിത്സിച്ച ഡോക്ടർക്കും എക്സ്റേ വിഭാഗത്തിനും എതിരെ 34 കാരി പരാതി നൽകിയിട്ടുണ്ട്
നടുവേദനയും കാലു വേദനയും മൂലമാണ് അനാമിക (34) ആശുപത്രിയിൽ എത്തിയത്. എക്സ്-റേ റിപ്പോർട്ടിൽ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. വീട്ടിൽ ചെന്ന് എക്സ്റേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്സ്റേ റിപ്പോർട്ട് അല്ല ഇത് എന്ന് അനാമികയ്ക്ക് മനസ്സിലായത്. തിരക്കിനിടയിൽ എക്സ്-റേ റിപ്പോർട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നൽകി. പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കും എന്നും ആശുപത്രി മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.