അധ്യാപകനെ തട്ടികൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. നാല് വർഷമായി ഇവർ പ്രണയത്തിലാണെന്ന് ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കൾ യുവാവിനെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. രാവിലെ സ്‌കൂളിലേയ്ക്ക് ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന യുവാവിനെ രണ്ട് സ്‌കോര്‍പിയോ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ബിഹാറിലെ ബെഗുര്‍സരായി ജില്ലയിലാണ് സംഭവം. ഗുഞ്ചന്‍ എന്ന സ്ത്രീയുടെ ബന്ധുക്കളാണ് അവ്‌നിഷ് കുമാര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. ഇരുവരും നാല് വര്‍ഷത്തെ പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സ്‌കൂളില്‍ അധ്യാപകനായി സര്‍ക്കാര്‍ ജോലി കിട്ടിയതിന് ശേഷം യുവതിയെ വിവാഹം കഴിക്കാൻ അവ്നിഷ് വിസമ്മതിച്ചു എന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്.
ഇരുവരും കതിഹാറിലുള്ള അവ്നിഷിന്റെ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയും പതിവായി ഹോട്ടലുകളില്‍ പോകാറുണ്ടെന്നും യുവതി പറയുന്നു. തന്നെ വിവാഹം കഴിക്കാമെന്നും ഒരു കുടുംബമായി ജീവിക്കാമെന്നും അവ്നിഷ് വാഗ്ദാനം ചെയ്തിരുന്നു. സ്‌കൂളിലും യുവാവ് തന്നെ കൊണ്ടുപോയിരുന്നുവെന്നും ഗുഞ്ചന്‍ പറയുന്നു. ഞങ്ങള്‍ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും കുടുംബത്തെ സമീപിക്കുകയും ചെയ്തപ്പോള്‍ യുവാവ് നിരസിച്ചു . ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും യുവതി പറഞ്ഞു.