ഗഗാറിനെ മാറ്റി; വയനാട്ടില്‍ യുവ നേതാവ് കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി




കല്‍പ്പറ്റ: വയനാട്ടില്‍ കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി. മുന്‍ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായി കെ റഫീക്ക് സിപിഎം നേതൃസ്ഥാനത്തേക്ക് എത്തിയത്. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും ഒരുവിഭാഗം ഗഗാറിനെതിരെ ആയുധമാക്കിയിരുന്നു. ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത 27 അംഗ കമ്മറ്റിയില്‍ അഞ്ച് പുതുമുഖങ്ങള്‍ ഉണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ 36കാരനായ റഫീക്ക് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറിയാണ്.
أحدث أقدم