കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ അവിശ്വാസ പ്രമേയത്തെ ചൊല്ലി കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റം. എൽഡിഎഫ് ഭരണത്തിനെതിരെ ബിജെപിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ എൽഡിഎഫും യുഡിഎഫും അവിശ്വാസത്തിൽ നിന്നും വിട്ടുനിന്നു.
തൃപ്പൂണിത്തുറയിലേത് 49 അംഗ നഗരസഭയാണ്. എന്നാൽ 17 ബിജെപി കൗൺസിലർമാർ മാത്രമാണ് രാവിലെ നടന്ന യോഗത്തിൽ പങ്കെടുത്തത്. 25 അംഗങ്ങളെങ്കിലും വേണം അവിശ്വാസപ്രമേയം ചർച്ചക്കെടുക്കാൻ. യോഗം നടക്കാതെ വന്നതോടെയാണ് ബിജെപി കൗൺസിലർമാർ പുറത്തിറങ്ങുകയും പിന്നാലെ യുഡിഎഫ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായതും. ബിജെപിയുടെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകാതെ, നഗരസഭയിലെ എൽഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് കൗൺസലർമാർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ഇതോടെയാണ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. ആദ്യം ചെറിയ വാക്കേറ്റം തുടങ്ങുകയും പിന്നീട് തർക്കം രൂക്ഷമാവുകയും ചെയ്തു. കൗൺസലർമാർ തമ്മിലും പ്രവർത്തകർ തമ്മിലും ഉന്തും തള്ളുമുണ്ടായി. ഇതോടെ നഗരസഭക്ക് മുന്നിൽ സംഘർഷാവസ്ഥയായി. തുടർന്ന് കൂടുതൽ പൊലീസും മുതിർന്ന നേതാക്കളുമെത്തി ഏറെ പണിപ്പെട്ടാണ് ബിജെപി-കോൺഗ്രസ് പ്രവർത്തകരെ ശാന്തമാക്കിയത്.