ആന്ധ്രാപ്രദേശ്: മകളെ ബലാത്സംഗം ചെയ്തയാളെ വിദേശത്ത് നിന്നെത്തി കൊലപ്പെടുത്തി പിതാവ്. കൊലയ്ക്ക് ശേഷം പിതാവ് വിദേശത്തേക്ക് തന്നെ കടന്നു. പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവരിപ്പള്ളിയിലാണ് മകളെ ബലാത്സംഗം ചെയ്തതിന്റെ പ്രതികാരത്തില്‍ പിതാവ് ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തിയത്. കുവൈറ്റില്‍ ജോലി ചെയ്യവെയാണ് ആഞ്ജനേയ പ്രസാദ്, ബന്ധുകൂടിയായ ആഞ്ജനേയലു മകളെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായി അറിയുന്നത്. മകളെ ഉപദ്രവിച്ചയാളെ വകവരുത്തണമെന്ന ലക്ഷ്യത്തോടെ ആഞ്ജനേയ പ്രസാദ് കുവൈറ്റില്‍ നിന്ന് ഉടന്‍ നാട്ടില്‍ തിരിച്ചെത്തി. രാത്രി വീട്ടുമുറ്റത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ആഞ്ജനേയലുവിനെ ഇരുമ്പുവടിയുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആരുടെയും കണ്ണില്‍പ്പെടാതെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും കുവൈത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.
കുവൈത്തിലെത്തിയ ശേഷം സ്വയം ചിത്രീകരിച്ച വീഡിയോയിലൂടെ ആഞ്ജനേയ പ്രസാദ് കൊലപാതകവിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെയാണ് ആഞ്ജനേയലുവിന്റെ കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് പൊലീസിനും വ്യക്തമാകുന്നത്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു