ന്യൂഡൽഹി: ഇൻഡ്യ മുന്നണിയിയിൽ പൊട്ടിത്തെറിയെന്ന സൂചന ശക്തമാക്കി ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനർജിയുടെ വാക്കുകൾ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമത ബാനർജി മുന്നണിക്കെതിരെ രംഗത്തുവന്നത്.’ഇൻഡ്യ’യുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നാണ് മമത തുറന്നുപറഞ്ഞത്. ഒരു പടി കൂടി കടന്ന് അവസരം നൽകിയാൽ മുന്നണിയുടെ നേതൃസ്ഥാനം താൻ ഏറ്റെടുക്കുമെന്നും സുഗമമായ പ്രവർത്തനം ഉറപ്പാക്കുമെന്നും മമത പറഞ്ഞു. പാർലമെന്റിൽ അടക്കം മുന്നണിയിൽ കെട്ടുറപ്പില്ലാത്ത സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ദിവസങ്ങളിൽ ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിഷേധങ്ങളിൽ ഇൻഡ്യ മുന്നണിയിലെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഐക്യമില്ലായിരുന്നു. സംഭൽ, അദാനി വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി മുന്നണിയിലെ പ്രധാന കക്ഷികളൊന്നും രംഗത്തുവന്നിട്ടുണ്ടായിരുന്നില്ല.സംഭൽ, അദാനി വിഷയങ്ങളിലായിരുന്നു ലോക്സഭയിൽ കോൺഗ്രസിന്റെ പ്രതിഷേധം. നടുത്തളത്തിലിറങ്ങി കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ ഇന്ത്യ മുന്നണിയിലെ മറ്റു ക്ഷികൾ കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല. പാർലമെന്റിന് പുറത്ത് പിന്നീട് പ്രതിഷേധങ്ങൾ അരങ്ങേറിയപ്പോഴും തൃണമൂൽ കോൺഗ്രസ് സമാജവാദി പാർട്ടികൾ വിട്ടുനിന്നിരുന്നു. മോദിയും അദാനിയും ഒന്നാണ് എന്ന് രേഖപ്പെടുത്തിയ ജാക്കറ്റ് അണിഞ്ഞായിരുന്നു പ്രതിഷേധം.