സി.പി.എം നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്കിലെ വായ്പ കുടിശിക ഭീഷണിയെ തുടർന്ന് വീട്ടമ്മയുടെ ആത്മഹത്യ.. അധികൃതര്‍ക്കെതിരെ പ്രക്ഷോഭം



അമ്പലപ്പുഴ: സി.പി.എം നിയന്ത്രണത്തിലുള്ള എസ്.എൽ പുരം സർവീസ് സഹകരണ ബാങ്ക് അധികൃതരുടെ വായ്പ കുടിശികയുടെ പേരിലുള്ള ഭീഷണിയെ തുടർന്നാണ് എസ്.എൽ പുരം സ്വദേശിയായ വീട്ടമ്മ ആശ ആത്മഹത്യ ചെയ്തതെന്നും അതിന് ഉത്തരവാദികളായ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവർക്കെതിരെ പോലീസ് കർശന നടപടിയെടുക്കണമെന്നും കെ.സി.വേണുഗോപാൽ എം.പി.
പോലീസതിന് തയ്യാറാകുന്നില്ലെങ്കിൽ ആ നിർധന കുടുംബത്തിന് നീതിവാങ്ങി കൊടുക്കാൻ ശക്തമായ പ്രക്ഷോഭം കോൺഗ്രസ് ആരംഭിക്കും. ആശയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.


ബാങ്കിന്റെ ഭാഗത്തുനിന്നുള്ള കണ്ണിൽച്ചോരയില്ലാത്ത ക്രൂരമായ നടപടിയാണ് നിർധനയായ വീട്ടമ്മയുടെ ജീവനെടുത്തത്.കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കണ്ണീരുണങ്ങും മുൻപാണ് സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ തലതിരിഞ്ഞ നയം കാരണം മറ്റൊരു ജീവൻ കൂടി നഷ്ടമായത്.

ഒരു വീടെന്ന സ്വപ്നത്തിന്റെ പേരിൽ 2010- ലാണ് കൂലിപ്പണിക്കാരനായ ഭർത്താവ് സുധീറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആശയും എസ്.എൽ പുരം എ64 നമ്പറിലുള്ള സഹകരണ ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തത്. പിന്നീട് വായ്പ രണ്ടര ലക്ഷമായി പുതുക്കിയെടുത്തു. സാമ്പത്തിക പരാധീനതയേറെയുള്ള കുടുംബം കുറേ പണം തിരിച്ചടച്ചെങ്കിലും കുടിശ്ശിക വന്നു. അതിന്റെ പേരിലാണ് സി.പി.എം ഭരിക്കുന്ന ബാങ്കിന്റെ ഭാഗത്ത് നിന്നും മനുഷ്യത്വരഹിതമായ നടപടിയുണ്ടായതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഡയറക്ടർ ബോർഡ് അംഗങ്ങളും ഉൾപ്പെടെ പതിനാലോളം പേരാണ് ഭീഷണിപ്പെടുത്താൻ മുന്നിൽ നിന്നത്. നിയമപരമായ മാർഗമോ, മനുഷ്യത്വത്തിന്റെ പേരിൽ സാവകാശമോ നൽകിയിരുന്നെങ്കിൽ ആ വീട്ടമ്മയുടെ ജീവൻ നഷ്ടമാകില്ലായിരുന്നു. അങ്ങനെയൊരു മാനുഷിക പരിഗണന പോലും നൽകാൻ സി.പി.എം ഭരണസമിതി തയ്യാറായില്ല. സഹകരണ സങ്കൽപ്പങ്ങളെ തകർക്കുന്ന നയമാണ് സി.പി.എമ്മിന്റേതെന്നും കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി.

കട്ടപ്പനയിൽ നിക്ഷേപന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായ സി.പി.എം ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ ഇതുവരെ പോലീസ് നടപടിയെടുത്തില്ല. ഇരകളുടെ കുടുംബത്തിന്റെ നീതിയേക്കാൾ സർക്കാരും പോലീസും പരിഗണനയും മുൻഗണനയും നൽകുന്നത് വേട്ടക്കാരന്റെ അവകാശങ്ങൾക്കാണെന്നത് നിർഭാഗ്യകരമാണ്. ഇത്തരം തലതിരിഞ്ഞ സഹകരണ നയം കാരണം ഇനിയുമെത്ര ജീവനുകളാണ് നമുക്ക് നഷ്ടമാവുകയെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു.


أحدث أقدم