കൊല്ലം: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലെ കുടുംബ വീട്ടിൽ മോഷണം. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് പേരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയമുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇവരാണോ മോഷണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദര പുത്രനും കുടുംബവും വീട്ടിൽ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്.
ഇവർ വീട്ടിൽ എത്തിയപ്പോൾ രണ്ടു പേർ മതിൽ ചാടി കടന്നു പോകുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.