സ്കൂളിൽ വിദ്യാർഥികളുടെ മുന്നിൽ പരസ്യമായി മദ്യപിച്ച പ്രധാനാധ്യാപകൻ പൊതുജന പ്രതിഷേധം ഭയന്ന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ലോഹ താലൂക്കിലെ ലിംബോട്ടിയിലാണ് സംഭവം. 55കാരനായ സ്കൂൾ പ്രിൻസിപ്പലാണ് ജീവനൊടുക്കിയത്. രാവിലെ സ്‌കൂളിലെത്തിയ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിലും ഇയാൾ ക്ലാസ് മുറിയിൽ മദ്യം കഴിച്ചുവെന്നും പറയുന്നു. ഇയാളുടെ പെരുമാറ്റത്തിൽ പരിഭ്രാന്തരായ വിദ്യാർഥികൾ സംഭവം മാതാപിതാക്കളോട് പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ വിഷയം അന്വേഷിക്കാൻ മൂന്ന് അധ്യാപകരെ സ്‌കൂളിലേക്ക് അയച്ചു. അവർ എത്തിയപ്പോൾ പ്രിൻസിപ്പലിനെ മദ്യപിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. നാട്ടുകാർ സംഭവം വീഡിയോയിലും പകർത്തി.
പിറ്റേന്ന് രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് മാലക്കൊല്ലി പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കുടുംബാംഗങ്ങളുടെയും സ്കൂൾ അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.